ഇടുക്കിയിൽ ബുധനാഴ്ച വീണ്ടും ഭൂചലനം. രാവിലെ 7.44 നും 8.30 നുമാണ് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യത്തേത് റിക്ടർ സ്കെയിലിൽ 1.5ഉം രണ്ടാമത്തേത് 0.93 രേഖപ്പെടുത്തി.
ഫെബ്രുവരി 27നാണ് ഇടുക്കിയിലായിരുന്നു ആദ്യ ഭൂചലനം. അര മണിക്കൂർ വ്യത്യാസത്തിൽ രണ്ട് ചലനമുണ്ടായി. തുടർന്ന് ഈ മേഖലയിൽ മാർച്ച് ഒന്നുവരെ നാലുദിവസത്തിൽ അഞ്ച് ഭൂചലനങ്ങൾ ഉണ്ടായി. രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് രണ്ടു ഭൂചലനംകൂടി അനുഭവപ്പെട്ടത്.
ഒരു വലിയ ചലനമുണ്ടായാൽ ചെറുചലനങ്ങൾ തുടരുന്നത് സാധാരണമാണെന്ന് വൈദ്യുതി ബോർഡ് ഡാം സുരക്ഷാ വിഭാഗം ചീഫ് എൻജിനിയർ എസ് സുപ്രിയ ദേശാഭിമാനിയോട് പറഞ്ഞു. നിലവിൽ ഡാമിന് ഒരുവിധ സുരക്ഷാഭീഷണിയും ഇല്ല. തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനം പരിശോധിക്കാൻ ആവശ്യപ്പെട്ട് ഡാം സുരക്ഷാ വിഭാഗം കേന്ദ്ര ജലകമീഷന് കത്തുനൽകി. കേന്ദ്ര ജലകമീഷന് കീഴിലുളള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘം ഉടൻ എത്തുമെന്ന് ചീഫ് എൻജിനിയർ പറഞ്ഞു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലും വൃഷ്ടി പ്രദേശത്തും സൂക്ഷ്മമായ നിരീക്ഷണം തുടരുന്നതായി റിസർച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അലോഷി പോൾ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.