ഇറാനില്‍ കൊറോണ പടരുന്നു; മരണം 92 കടന്നു; 2,922 പേര്‍ക്ക് രോഗബാധ

പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണ വൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച് ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ ബാധയുണ്ട്. കൊറോണ വൈറസ് ഇറാനിലെ മിക്കവാറും എല്ലാ പ്രവിശ്യകളെയും ബാധിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

ഇറാനെ സഹായിക്കാന്‍ അമേരിക്ക യഥാര്‍ഥത്തില്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നും സഹായ വാഗ്ധാനത്തെ പരാമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇറാനില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്. ആളുകള്‍ കൂടുന്നതും നിരോധിച്ചു. യാത്രകള്‍ നടത്തരുതെന്നും അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈനില്‍ ബുധനാഴ്ച പുതുതായി മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 52 ആയി. ഇതില്‍ ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ പുതുതായി ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതര്‍ 27 ആയി. ഒമാനില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമാനില്‍ 2,367 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 49 പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലും അവശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

യുഎഇ ടൂര്‍ സൈക്ലിംഗ് മത്സരത്തിനെത്തിയ രണ്ട് സാങ്കേതികവിദഗ്ധര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ടപഴകിയവര്‍ക്ക് നടത്തിയ പരിശോധനകളിലാണ് രണ്ടു റഷ്യക്കാര്‍ക്കും രണ്ടു ഇറ്റലിക്കാര്‍ക്കും ഒരു ജര്‍മന്‍കാരനും ഒരു കൊളംബിയക്കാരനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎഇ ടൂര്‍ സൈക്ലിംഗ് മത്സരം റദ്ദാക്കി.

രോഗ ബാധിതരില്‍ അഞ്ചു പേരുടെ അസുഖം പൂര്‍ണമായും ഭേദമായി. ചൈനയിലെ വുഹാനില്‍നിന്നും വിവിധ രാജ്യക്കാരായ 215 പേരെ യുഎഇ തിരിച്ചെത്തിച്ചു. ഇവരെ അബുദബിയിലെ ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ താമസിപ്പിച്ചു.

കോവിഡ് പാശ്ചാത്തലത്തില്‍ യുഎഇ ദേശീയ കായിക ദിനപരിപാടികള്‍ റദ്ദാക്കി. ചില പ്രധാന കായികപരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തു. ഏപ്രിലില്‍ നടത്താനിരുന്ന അബുദബി അന്താരാഷ്ട്ര പുസ്തകമേള മേയിലേക്ക് മാറ്റി. അബുദാബി അള്‍ട്രാമ്യൂസിക് ഫെസ്റ്റിവെലി (യുഎംഎഫ്)ന്റെ റണ്‍ അപ്പ് ഇവന്റായ ഡിജെ മാഗ് കോണ്‍ഫറന്‍സ് റദ്ദാക്കി. അബുദാബി ക്രിയേറ്റീവ് റീഡര്‍ ഫെസ്റ്റിവലും നിര്‍ത്തിവെച്ചു. ദുബായിലെ ഇന്ത്യന്‍ ഹൈഗ്രൂപ്പ് സ്‌കൂള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കുവൈത്തില്‍ 24 മണിക്കൂറിനിടെ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 56 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. കൊറോണ പാശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ അവധി ദീര്‍ഘിപ്പിച്ചേക്കും. സൗദിയില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇറാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കു മുമ്പ് തിരിച്ചെത്തിയ അധ്യാപകന് രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 12 മുതല്‍ നടത്താനിരുന്ന റെഡ് സീ ചലച്ചിത്രോത്സവം സൗദി മാറ്റിവെച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here