പുതുജീവന്‍ ആശുപത്രിക്ക് അംഗീകാരമില്ല; എഡിഎം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്ന് കണ്ടെത്തല്‍. എഡിഎം കളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉള്ളത്. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രിയില്‍ ഭക്ഷണം പാകം ചെയ്തിരുന്നതെന്നും മാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലെന്നും മലിനജലം കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016 മുതല്‍ 2021 വരെ പ്രവര്‍ത്തിക്കുന്നതിന് ആശുപത്രിക്ക് അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 ല്‍ അനുമതി റദ്ദാക്കുകയായിരുന്നു. പഴയ അനുമതിയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

എട്ട് വര്‍ഷത്തിനിടെ 33 പേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എഡിഎം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ പരിശോധന നടത്തണമെന്നും ചികിത്സയിലെ പിഴവു മൂലമാണോ മരുന്നിന്റെ അമിത ഉപയോഗമാണോ എന്നതും പരിശോധിക്കണമെന്നും എഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അതേസമയം എഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ എന്ത് നടപടി വേണമെന്ന് ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിശദാംശങ്ങളും, സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പ്രദേശവാസികളുടെ പരാതികളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ശുചിത്വ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.

ആശുപത്രി ഡയറക്ടര്‍ വി.സി.ജോസഫ് പായിപ്പാട് പഞ്ചായത്തില്‍ തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകണം. കെട്ടിട നിര്‍മാണം ക്രമവല്‍ക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേള്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News