പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവം; കടുത്ത നടപടിക്കൊരുങ്ങി സർക്കാർ

കെഎസ്ആര്‍സി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ. കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ‘സമരത്തിന്‍റെ പേരിൽ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നും കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ച മന്ത്രി പ്രതികരിച്ചു.

ബസുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാന്‍ പറ്റാതായത്. മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

മര്യാദകേടാണ് നടന്നത്. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നത്. സമരത്തിന്‍റെ പേരില്‍ അന്യായങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതേസമയം കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടി സ്വീകരിക്കുക. സംഭവം ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാകളക്ടർ ഇന്നലെ തന്നെ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി.

മിന്നൽ സമരങ്ങളോ പൊതുനിരത്ത് കയ്യേറിയുളള സമരങ്ങളോ അനുവദിക്കാനാവില്ലെന്ന് കളക്ടർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ആറ്റുകാൽ ഉത്സവ സമയമായതിനാൽ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുളള നടപടിയെടുക്കാനാണ് തീരുമാനം.

മാർഗ്ഗ തടസമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം കെ എസ്ആർടിസി ഗാരേജുകളിൽ കിടന്നിരുന്ന വാഹനങ്ങൾ പൊതുനിരത്തിൽ പാർക്ക് ചെയ്തതിന് ഡ്രൈവർമാർക്കെതിരെ മോട്ടോർവാഹന നിയമപ്രകാരം നടപടിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News