മറുപടി നല്‍കാന്‍ വൈകുന്നത് എന്ത് കൊണ്ട്? പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

പൗരത്വനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് എന്ത് കൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 2 ദിവസം കൊണ്ട് മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കണമെന്ന ഹര്‍ജിക്കാരായ ലീഗിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള സുപ്രീംകോടതിയുടെ ചോദ്യം.

കേന്ദ്ര സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യാത്ത കാര്യം ലീഗിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്താണ് മറുപടി വൈകുന്നതെന്ന് കോടതിയില്‍ ഉണ്ടായിരുന്ന അറ്റോണി ജനറലിനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു.

മറുപടി തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തില്‍ ആണെന്നും 2 ദിവസം കൊണ്ട് മറുപടി ഫയല്‍ ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. മറുപടി നല്‍കാന്‍ രണ്ട് തവണകളിലായി കേന്ദ്രത്തിന് 8 ആഴ്ച്ച സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.

അതേസമയം സിഎഎ ഹര്‍ജികള്‍ ശബരിമല കേസ് നടക്കുന്നതിന്റെ ഇടവേളയില്‍ കേള്‍ക്കണമോ എന്ന് ഹോളി അവധിക്ക് ശേഷം തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവ് ലഭിക്കാന്‍ ശബരിമല കേസിന്റെ ഇടവേളയില്‍ രണ്ട് മണിക്കൂര്‍ വാദിക്കാന്‍ സമയം നല്‍കണം എന്ന് ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഹോളി അവധിക്ക് ശേഷം വിഷയം വീണ്ടും ഉന്നയിക്കാന്‍ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. കഴിഞ്ഞ ജനുവരി 22നാണ് കേസ് സുപ്രീംകോടതി ഒടുവില്‍ പരിഗണിച്ചത്.

അന്ന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി 4 ആഴ്ച സമയം നല്‍കിയ കോടതി
അഞ്ചാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒന്നില്‍ കേസ് പരിഗണിക്കാം എന്നും പറഞ്ഞു.

ഇത് പ്രകാരം കഴിഞ്ഞ മാസം 27ന് എങ്കിലും കേസ്പരിഗണിക്കണമായിരുന്നു. ഇത് ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ മുസ്‌ളീം ലീഗ് ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News