മദ്യം ഉത്പാദിപ്പിക്കുന്ന മൂത്രസഞ്ചി; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച അപൂര്‍വ്വ രോഗവുമായി സ്ത്രീ

യുഎസിലെ പിറ്റ്‌സ്ബര്‍ഗിലാണ് അപൂര്‍വ്വരോഗാവസ്ഥയുള്ള സ്ത്രീയെ കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ആശുപത്രിയിലെത്തിയ 61 കാരിയിലാണ് അപൂര്‍വ്വമായി കാണുന്ന യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ആശുപത്രിയിലെത്തിയ സ്ത്രീയോട് റിപ്പോര്‍ട്ട് കണ്ടശേഷം മദ്യപാനം കുറയ്ക്കണമെന്നായിരുന്നു ഡോക്ടര്‍ ഉപദേശിച്ചത്.

ഇതു കേട്ടയുടന്‍ താന്‍ മദ്യപിക്കാറില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ ചെവിക്കൊണ്ടില്ല. മദ്യപാനിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കള്ളം പറയുകയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. ഇക്കാര്യം കാട്ടി ഇവരെ ലഹരി വിമുക്ത ചികിത്സയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു.

എന്നാല്‍ മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രം പരിശോധിച്ചപ്പോള്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ആശയക്കുഴപ്പത്തിന്റെ പിന്നിലെ കാരണം അറിയാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ തുടര്‍ന്നുള്ള പരിശോധനയിലൂടെ സ്ത്രീക്ക് അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി.

ഇവര്‍ക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന് തിരിച്ചറിയുകയായിരുന്നു. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമായ രീതിയില്‍ മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് ഇത്തരം രോഗാവസ്ഥയുള്ളവരില്‍ മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ആദ്യ പരിശോധനയില്‍ സ്ത്രീയുടെ രക്തത്തിലോ പ്ലാസ്മയിലോ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ലാബ് പരിശോധനയിലാകട്ടെ മദ്യപിക്കുന്ന ഒരാളുടെ ശരീരത്തില്‍ മദ്യം വിഘടിപ്പിച്ച് ശരീരം ഉത്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ലീകോറെനോഡ്, ഈഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും സ്ത്രീയുടെ മൂത്രത്തില്‍ കണ്ടെത്താനുമായില്ല. എന്നാല്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം യീസ്റ്റിന്റെ അമിതമായ സാന്നിധ്യം സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ഏറെക്കുറേ സമാനമായിരുന്നു ഇത്.

വിശദ പരിശോധനയില്‍ സ്ത്രീയുടെ മൂത്രസഞ്ചിയില്‍ ഫെര്‍മന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു. സ്ത്രീക്ക് അമിത അളവില്‍ പ്രമേഹവും ഉണ്ടായിരുന്നു. അതിനാല്‍ യീസ്റ്റ് അധികമുള്ള സ്ത്രീയില്‍ മൂത്രം
മൂത്രസഞ്ചിയില്‍ വച്ച് മൂത്രത്തിലെ ഷുഗറുമായി ചേര്‍ന്ന് പുളിച്ച് മദ്യമാകുയാണെന്ന് രാസ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News