നീതിയോടൊപ്പം നിലകൊണ്ട ജസ്‌റ്റിസ്‌ എസ്‌ മുരളീധറിന്‌ ഗംഭീര യാത്രയയപ്പ്‌

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ നീതിയുക്തമായ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്ര സർക്കാർ അന്നുതന്നെ സ്‌ഥലം മാറ്റിയ ജസ്റ്റിസ് എസ് മുരളീധറിന് പ്രൗഡഗംഭീര യാത്രയയപ്പ്.

ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ്‌ ചടങ്ങിൽ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നിരവധി പേർ പങ്കെടുത്തു. ഹരിയാന ഹൈക്കോടതിയിലേക്കാണ്‌ ജസ്‌റ്റിസ്‌ എസ്‌ മുരളീധരനെ സ്ഥലം മാറ്റിയത്‌.

മുന്‍പ് സ്ഥലം മാറ്റം ലഭിച്ച് പോയ മറ്റൊരു ജഡ്ജിക്കും ലഭിക്കാത്ത തരത്തില്‍ അഭിഭാഷക പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു യാത്രയയപ്പെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.

തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തും അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങിയത്. സത്യത്തോടൊപ്പം എക്കാലത്തും നിലനില്‍ക്കുക നീതി നടപ്പിലാകുക തന്നെ ചെയ്യുമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞു.

ഡല്‍ഹി കലാപ കേസിലെ ജസ്റ്റിസ് എസ്.മുരളീധറിന്റെ നീതിയുക്തമായ ഇടപെടലുകളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കലാപം പടർന്നിട്ടും നടപടി സ്വീകരിക്കാതിരുന്നപൊലീസിനെ കേസ്‌ പരിഗണിക്കുമ്പോൾ രൂക്ഷമായി വിമർശിച്ചിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്‌ പിറകെയാണ്‌ സ്‌ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.

1984 ല്‍ ചെന്നൈയില്‍ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും എത്തി.

ഭോപ്പാല്‍ വാതക ദുരന്തത്തിലും നര്‍മ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നടത്തിയ നിയമഇടപെടലുകള്‍ ശ്രദ്ധേയമാണ്.

‘‘യുവർ ലോർഡ്‌ഷിപ്പ്‌ ഞങ്ങൾക്ക്‌ എല്ലാവർക്കും വലിയ പ്രചോദനവും ആവേശവുമാണ്‌. താങ്കൾ ഞങ്ങൾക്ക്‌ മാതൃകയാണ്‌. താങ്കളുടെ നിലവാരത്തിലേക്ക്‌ ഞങ്ങൾക്ക്‌ ഉയരാൻ കഴിയുമോയെന്നത്‌ സംശയമാണ്‌.

എന്നാലും, ഞങ്ങൾ അതിനുവേണ്ടി തീർച്ചയായും പരിശ്രമിക്കും’’എന്നാണ്‌ ദൽഹി കോടതിയിൽ അവസാന വിധിനയാമം പറഞ്ഞ്‌ എഴുന്നേറ്റ ജസ്‌റ്റിസ്‌ എസ്‌ മുരളീധരനോട്‌ യുവ അഭിഭാഷകൻ പറഞ്ഞത്‌.

തന്നെ ‘മൈ ലോർഡ്‌’, ‘യുവർ ലോർഡ്‌ഷിപ്പ്‌’ എന്നിങ്ങനെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന്‌ ജസ്‌റ്റിസ്‌ മുരളീധർ മുമ്പ്‌ പറഞ്ഞത്‌ അഭിഭാഷകരിൽ ഒരാൾ ഓർത്തു.

മറ്റ്‌ കോടതിമുറികളിൽ ജഡ്‌ജിയെ അംഗരക്ഷകർ ആനയിച്ച്‌ കൊണ്ടുവരുന്നതും അവർക്ക്‌ ഇരിക്കാൻ കസേര നീക്കിനൽകുന്നതും കാണാം. എന്നാൽ, ജസ്‌റ്റിസ്‌ മുരളീധർ അത്തരം മാമൂലുകൾ വേണ്ടെന്ന്‌ തീരുമാനിച്ചു.

‘എനിക്ക്‌ ഇരിക്കാനുള്ള കസേര നീക്കിയിടാൻ എനിക്ക്‌ കഴിവുണ്ടെന്നാണ്‌ ’- അദ്ദേഹത്തിന്റെ നിലപാട്‌.2006ൽ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട അദ്ദേഹത്തിന്‌ 2023 വരെ സേവനകാലയളവുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News