കൊറോണ പടരുന്നു: ദില്ലിയില്‍ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചു; പഞ്ചിങ് സംവിധാനവും നിര്‍ത്തിവയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പ് മേധാവികള്‍,
സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കുര്‍ബാന സ്വീകരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദേശവുമായി സിറോ മലബാര്‍ സഭയുടെ ഫരീദാബാദ് രൂപതയും രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയില്‍ വച്ച് രോഗബാധ സ്ഥിരീകരിച്ച 15 ഇറ്റാലിയന്‍ പൗരന്‍മാരും നിലവില്‍ ദില്ലിയില്‍ തയ്യാറാക്കിയ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണ്.

രോഗബാധ സ്ഥിരീകരിച്ച മറ്റൊരു ഇറ്റാലിയന്‍ പൗരന്‍ ജയ്പൂരിലാണുള്ളത്. ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.

അതിവേഗം വൈറസ് വ്യാപിക്കുന്ന ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ചൈന, കൊറിയ തുടങ്ങി വൈറസ് വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് ഇന്ത്യന്‍ പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here