പൊലീസ് സ്റ്റേഷനില്‍ വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യാശ്രമം; നാണയത്തുട്ട് പുറത്തെടുത്തു; ആരോഗ്യനില തൃപ്തികരം

പൊലീസ് സ്റ്റേഷനില്‍വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കുശ്രമിച്ച പ്രതിയുടെ അന്നനാളത്തില്‍ നിന്നും എന്‍ഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ചതിന് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്ത നാവായിക്കുളം കുന്നുവിള പുത്തന്‍വീട്ടില്‍ രാജേഷിനെ (30) നാണയത്തുട്ട് വിഴുങ്ങിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എക്സ്റെ പരിശോധനയില്‍ നാണയത്തുട്ട് ഉള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുള്‍ റഷീദിന്‍റെ നേതൃത്വത്തില്‍ എന്‍ഡോസ്കോപ്പിയിലൂടെ അന്നനാളത്തില്‍ കുടുങ്ങിക്കിടന്ന പത്തുരൂപയുടെ നാണയത്തുട്ട് പുറത്തെടുക്കുകയായിരുന്നു.

കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാരായ ഷെഫീക്ക്, അരവിന്ദ്, കിഷോര്‍, അനസ്തേഷ്യാവിഭാഗത്തിലെ ഡോ തുഷാര, ശീതള്‍, സ്റ്റാഫ് നേഴ്സ് രൂപ എന്നിവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ അബ്ദുള്‍ റഷീദ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ എന്ന പേരിലുള്ള വ്യാജ ഐഡന്‍റിറ്റി കാര്‍ഡ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ കോടതിയില്‍ ഹാജരാക്കാനായി സ്റ്റേഷനില്‍ നിന്നും പുറത്തിറക്കുമ്പോഴാണ് രാജേഷ് നാണയത്തുട്ട് വിഴുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here