തൃത്താലയിലെ സ്നേഹ നിലയത്തിനും അംഗീകാരമില്ല; മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്

തൃത്താലയിലെ സ്നേഹ നിലയം പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കാനാവശ്യമായ അംഗീകാരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്നേഹനിലയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സ്നേഹനിലയത്തിലെ അന്തേവാസി സിദ്ധിഖ് മർദ്ധനമേറ്റ് മരിച്ചെന്ന പരാതിയെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. വിപിൻകിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാനസിക സാന്ത്വന ചികിത്സാ കേന്ദ്രമായി തൃത്താലയിലും പട്ടാമ്പിയിലും പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്കും അനാഥാലയ നടത്തിപ്പിനുള്ള അംഗീകാരം മാത്രമാണുള്ളത്. രണ്ടിടത്തു മായുള്ള 116 പേരിൽ 72 പേരും മാനസികാസ്വാസ്ഥ്യമുള്ളവരാണ്. ഇവർക്ക് ശരിയായ നിലയിലുള്ള ചികിത്സ ലഭിക്കുന്നില്ല.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്നേഹനിലയത്തിലുണ്ടായത് 21 മരണങ്ങളാണ്. ഇവരുടെ പോസ്റ്റ് മോർട്ടം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. മതിയായ രേഖകകളും സൂക്ഷിച്ചിട്ടില്ല. റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തൃശൂർ വലപ്പാട് സ്വദേശിയായ സിദ്ധിഖ് മരിച്ച സംഭവത്തിൽ പോലീസ് ബന്ധുക്കളിൽ നിന്നും പരിശോധിച്ച ഡോക്ടർമാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സ്നേഹ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കഴിഞ്ഞ ദിവസം സ്നേഹനിലയത്തിലെ വാർഡനും ഉടമയുടെ സഹോദരനുമായ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം ആവശ്യമാണെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News