സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ; ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും

സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർഷ് മന്ദർ ഹർജി നൽകിയിരുന്നു.

കോടതി ഈ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഹർഷ് മന്ദറിന്റെ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ആരോപണത്തിൽ വ്യക്തത വരാതെ എഫ് ഐ ആർ വിഷയത്തിൽ കേൾക്കില്ല എന്ന് കോടതി നിലപാട് എടുത്തു.

സംഭവത്തിൽ കോടതി ഇന്ന് ഹർഷ് മന്ദറിന്റെ ഭാഗം കേൾക്കും. ഹർഷ് മന്ദറിന്റെ പരാമർശങ്ങൾ ഗുരുതരമാണ് എന്നും കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്നും ആയിരുന്നു പോലീസ് സത്യവാങ്മൂലം.

വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയകലാപത്തിന്‌ വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിച്ച സാമൂഹ്യപ്രവർത്തകൻ ഹർഷ്‌ മന്ദറിനെ വേട്ടയാടുകയാണ് ദില്ലി പൊലീസ്. കഴിഞ്ഞ ഡിസംബർ ആറിലെ ഹർഷ്‌ മന്ദറിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങളുടെ പേരിലാണ് ഇപ്പോ‍ഴത്തെ നീക്കം.

ഹർഷ്‌ മന്ദറിനെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസ്‌ ലീഗൽ സെൽ ഡിസിപി സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. കലാപപശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, ബിജെപി എംപി പർവേഷ്‌ വർമ, ബിജെപി എംഎൽഎ അഭയ്‌ വർമ, മുൻ എംഎൽഎ കപിൽ മിശ്ര എന്നിവർക്കെതിരെ കേസെടുക്കാന്‍ ഹർഷ്‌ മന്ദറിന്റെ ഹര്‍ജിയില്‍ ഡൽഹി ഹൈക്കോടതി ജഡ്‌ജി എസ്‌ മുരളീധർ ഉത്തരവിട്ടിരുന്നു. അന്നുരാത്രിതന്നെ ജഡ്‌ജിയെ സ്ഥലംമാറ്റി. പിന്നീട്‌ കേസ്‌ പരിഗണിച്ച ബെഞ്ച്‌ കേസെടുക്കാന്‍ പൊലീസിന്‌ ഒരു മാസം അനുവദിച്ചു.

ഇത് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹർഷ്‌ മന്ദർ അനുകൂലവിധി സമ്പാദിച്ചു. കേസില്‍ വാദംകേൾക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ഹർഷ്‌ മന്ദറിനെ കടന്നാക്രമിച്ചു. തുടര്‍ന്നാണ് ഹർഷ്‌ മന്ദറിന്റെ പരാമര്‍ശത്തെക്കുറിച്ച് സത്യവാങ്‌മൂലം സമർപ്പിക്കാൻ പൊലീസിന്‌ അനുമതി നൽകിയത്.

സത്യവാങ്‌മൂലത്തിൽ ഹർഷ്‌ മന്ദറിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതിയിലുള്ള ഗുരുതര ആരോപണങ്ങളാണ്‌ ഡൽഹി പൊലീസ്‌ ഉന്നയിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ ജാമിയ മിലിയയിൽ ഹർഷ്‌ മന്ദർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്താണ്‌ പരാതിക്കാരനെ പൊലീസ് വേട്ടയാടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News