ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ പോകും; സ്വന്തം സൈക്കിളിൽ

കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം.എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സൗജന്യമായി സൈക്കിൾ നൽകിയത്.സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാനുമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്.

ആറളം ഫാമിനകത്ത് പ്രവർത്തിക്കുന്ന സ്‌കൂളിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെങ്കിലും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനാകുന്നില്ല എന്നതായിരുന്നു നേരിടുന്ന പ്രധാന പ്രശ്നം.ഇതിന് പരിഹാരം കാണാനായി കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പരീക്ഷണ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതി തുടങ്ങിയത്.

സൈക്കിൾ ലഭിച്ചതോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു.അതിനെ തുടർന്നാണ് ഈ വർഷം കൂടുതൽ വിപുലമായി പദ്ധതി നടപ്പാക്കിയത്.ഇത്തവണ 97 കുട്ടികൾക്കാണ് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തത്.
സൈക്കിൾ ലഭിച്ചതോടെ ഇനി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര ഉല്ലാസ യാത്രയാകുമെന്ന സന്തോഷത്തിലാണ് കുട്ടികൾ.

സൈക്കിൾ വിതരണം ചെയ്യുന്ന ചടങ്ങ് കണ്ണൂർ ജില്ലാ കലക്റ്റർ ടി വി സുഭാഷ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്,വൈസ് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here