മിന്നൽ പണിമുടക്ക്; കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും

തലസ്ഥാനത്ത്‌ മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും. ഗതാഗതം തടസ്സപ്പെടുത്തുംവിധം ബോധപൂർവം റോഡിൽ ബസ്‌ നിർത്തിയിട്ട ഡ്രൈവർമാർക്കെതിരെയാണ്‌ നടപടി. ഇവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും ഉണ്ടാകും.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ജില്ലാ കലക്‌ടർ അവശ്യ സർവീസ്‌ ഉറപ്പാക്കൽ പ്രകാരമുള്ള നടപടിക്കും ശുപാർശ ചെയ്‌തിട്ടുണ്ട്‌. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി. രണ്ടു ദിവസത്തിനകം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന്‌ കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ആർടിഒ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട്‌ നൽകിയിരുന്നു. ഗ്യാരേജുകളിൽ കിടന്ന ബസടക്കം മറ്റ് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസ്സമുണ്ടാവണം എന്ന ലക്ഷ്യത്തോടെ പൊതുനിരത്തിൽ അപകടകരമായ രീതിയിൽ നിർത്തിയിട്ടത് ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണ്‌.

കുറ്റക്കാരായ ജീവനക്കാരുടെ പേര് വിവരങ്ങളും ലൈസൻസ് വിശദാംശങ്ങളും നൽകാൻ ഫോർട്ട് എസിപിക്കും ട്രാഫിക് എസിപിക്കും ആർടിഒ കത്ത് നൽകി. ഗതാഗത തടസ്സം സൃഷ്ടിച്ച ബസ് നമ്പർ മാത്രമാണ് പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കൈവശമുള്ളത്.

ഈ ബസുകളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങൾ പൊലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനെ തടഞ്ഞതുൾപ്പെടെ ആറു കേസും കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

മിന്നൽപ്പണിമുടക്ക്‌ നടത്തിയതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാനായി മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ശനിയാഴ്‌ച ഉന്നതതല യോഗം ചേരും. ഗതാഗത വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്‌ആർടിസി സിഎംഡി, ഗതാഗത കമീഷണർ, തിരുവനന്തപുരം ആർടിഒ തുടങ്ങിയവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News