ദില്ലി കലാപം; ആദ്യഘട്ട ധനസഹായം സിപിഐഎം ഇന്ന് കെെമാറും

ദില്ലി കലാപബാധിത മേഖലയിൽ സിപിഐഎമ്മിന്റെ ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യഘട്ട ധനസഹായം വെള്ളിയാഴ്‌ച കൈമാറും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ എന്നിവർ കലാപബാധിത മേഖലയിൽ എത്തി തുക കൈമാറും.

ഇരകൾക്ക്‌ നഷ്‌ടപരിഹാരവും നിയമസഹായവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സിപിഐ എം നേതൃത്വത്തിൽ തുടരുകയാണ്‌. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘ഡൽഹി സോളിഡാരിറ്റി റിലീഫ്‌ ആന്റ്‌ റീഹാബിലിറ്റേഷൻ കമ്മറ്റി’ രൂപീകരിച്ചു.

മുൻ സുപ്രിംകോടതി ജഡ്‌ജി വി ഗോപാല ഗൗഢ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദകാരാട്ട്‌, സെന്റർഫോർ ഇക്വിറ്റി സ്‌റ്റഡീസ്‌ ഡയറക്‌ടർ ഹർഷ്‌ മന്ദർ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വജഹാത്ത്‌ ഹബീബുള്ള എന്നിവരുടെ നേതൃത്വത്തിലാണ്‌ കമ്മറ്റി. നഷ്‌ടപരിഹാരം, നിയമസഹായം, അവശ്യസാധന വിതരണം, ചികിത്സാസഹായം എന്നീ മേഖലകളിലായി കമ്മറ്റിക്കു കീഴിൽ നാല്‌ സംഘങ്ങൾ പ്രവർത്തിക്കുന്നു.

നാശനഷ്‌ടം കണക്കാക്കി ജനങ്ങൾക്ക്‌ നഷ്‌ടപരിഹാരം ഉറപ്പാക്കാൻ വീടുവീടാന്തരം കയറിയുള്ള സർവ്വേ നടക്കുന്നുണ്ട്‌. കൃത്യമായ സ്ഥിതിവിവര കണക്കുകൾ ഇതിൽ ശേഖരിക്കുന്നു. ലൈംഗിക അതിക്രമം നേരിട്ട സ്‌ത്രീകളുടെ വിവരവും സംഘം ക്രോഡീകരിക്കുന്നുണ്ട്‌.

ഈ ആഴ്‌ച അവസാനത്തോടെ 500 കുടുംബങ്ങളെ സംഘം നേരിൽ സന്ദർശിക്കും. ഭക്ഷണം, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ ക്യാമ്പുകളിലും വീടകളിലും ദിനംപ്രതി എത്തിക്കുന്നുണ്ട്‌.

ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സന്ദർശിച്ച്‌ നിയമസഹായം ഉറപ്പാക്കുന്നുണ്ട്‌. അഭിഭാഷകരുടെ നേതൃത്വത്തിലുള്ള നിയമസഹായസംഘം എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യുന്നതടക്കമുള്ള സഹായം നൽകുന്നുണ്ട്‌.

ജിടിബി ആശുപത്രിയിലടക്കം പരിക്കേറ്റവർക്ക്‌ ചികിത്സയും സഹായവും ലഭ്യമാക്കുന്നതിനായും ഒരു സംഘം സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്‌.

കലാപത്തിന്‌ ഇരയായവർക്ക്‌ സഹായം നൽകാൻ എല്ലാ സംസ്ഥാന കമ്മറ്റികളും ധന സമാഹരണം നടത്താൻ പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തിരുന്നു. ജനങ്ങൾ സംഭാവന നൽകാനും അഭ്യർഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News