ദില്ലി കലാപം: അറസ്റ്റിലായവരുടെ പേരുവിവരം ഉടന്‍ പുറത്തുവിടണം; ബൃന്ദാ കാരാട്ടിന്‍റെ ഹര്‍ജിയില്‍ പൊലീസിനോട് ദില്ലി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ഹർജിയിലാണ് കോടതി നടപടി.

നേരത്തെ ഡല്‍ഹി കലാപത്തിന് മുന്‍പ് വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

അതേസമയം ഡല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും. നേരത്തെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here