ആറ്റുകാല്‍ പൊങ്കാല: ശുചീകരണത്തിന് യൂത്ത് ആക്ഷന്‍ ഫോഴ്സും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ശേഷം നഗരം ശുചീകരിക്കാന്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് വോളന്റിയര്‍ സേന രംഗത്തെത്തും.

നഗരസഭയോടൊപ്പം ചേര്‍ന്നാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുക. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ ശുചീകരണം നടത്തും.

ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള സന്നദ്ധ സേനയിലെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരാണ് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം കിട്ടിയ സംഘാംഗങ്ങള്‍ കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലും സജീവമാണ്. അംഗങ്ങള്‍ക്ക് കായിക പരിശീലനവും നല്‍കിയിട്ടുണ്ട്.

2018 ലെ പ്രളയത്തില്‍ കൈത്താങ്ങായ യുവജനങ്ങളെ അണിനിരത്തി കേരളത്തിന് സ്ഥിരമായൊരു സന്നദ്ധ സേവന സേന എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് രൂപീകരിച്ചത്.

2019ലെ കാലവര്‍ഷക്കെടുതിയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും അവശ്യ സാധനങ്ങളുടെ ശേഖരണത്തിനും യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ നേതൃത്വം നല്‍കിയിരുന്നു.

കോഴിക്കോട് വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും സംസ്ഥാനത്താകെ കളക്ഷന്‍ പോയിന്റുകള്‍ കേന്ദ്രീകരിച്ചും മികച്ച പ്രവര്‍ത്തനമാണ് സേന കാഴ്ചവെച്ചത്.

കാസര്‍ഗോഡ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും യൂത്ത് ആക്ഷന്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here