കൊറോണ പ്രതിരോധം; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍.

ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് ഈ സംസ്ഥാനങ്ങള്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം ഇന്ന് കേരളത്തിലെത്തിയിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഒഡീഷ, ദില്ലി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തിന്റെ സഹായം തേടിയത്.

കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് 3 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കോവിഡ് 19 രോഗം തടയാന്‍ കഴിഞ്ഞതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് വൈറസിനെ പ്രതിരോധിച്ചത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടെന്നും മാധ്യമങ്ങളുടെ ശക്തമായ പിന്തുണയാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കെ കെ ശൈലജയുടെ വാക്കുകള്‍:

ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നീ കാര്യങ്ങള്‍ തെലുങ്കാന പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു. തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോവിഡ് 19 രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട യാതൊരു കാര്യവുമില്ല. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പൊകരുതെന്ന നിര്‍ദേശമേയുള്ളൂ. അതാണ് അവര്‍ക്കും സമൂഹത്തിനും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News