മോദി മുസ്ലീം രാഷ്ട്രങ്ങളുടെ തോഴനോ? #WatchVideo

‘എനിക്ക് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല’പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതാണീ വാചകം.യഥാര്‍ത്ഥത്തില്‍ ലോക മുസ്ലീം രാജ്യങ്ങളില്‍ നിന്ന് മോഡിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടോ?

മോഡിയുടെ മുസ്ലീം വിരുദ്ധ ഇമേജ് രാജ്യത്തിനകത്ത് നിന്നുളള തല്‍പ്പര കക്ഷികളില്‍ നിന്നുളള ഉപജാപങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്നതാണെന്നാണ് മോഡി ഭക്തരുടെ വിലയിരുത്തല്‍.എന്നാല്‍ മുസ്ലീം രാഷ്ട്രങ്ങൡ മോഡിയുടെ ഇമേജ് യഥാര്‍ത്ഥത്തില്‍ എന്താണ്?

പാക്കിസ്ഥാന്റെ നിലപാടിനെ നമ്മുക്ക് വിടാം.ബാക്കി മുസ്ലീം രാജ്യങ്ങളുടെ സ്ഥിതിയെന്താണ്?താരതമ്യേന ജനാധിപത്യം നിലനില്‍ക്കുന്നതും പൊതുജന അഭിപ്രായത്തിന് വിദേശ നയത്തില്‍ സ്വാധീനം ചെലുത്താവുന്നതുമായ എല്ലാ മുസ്ലീം രാജ്യങ്ങളിലും മോഡിക്ക് നല്ല പ്രതിച്ഛായ അല്ല എന്നുളളതാണ് വാസ്തവം.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വ്യാപാര പങ്കാളിയായ ഇറാനില്‍ നിന്നുളള ചലനങ്ങള്‍ തന്നെ ഇതിനുദാഹരണം.’ഇന്ത്യയിലെ മുസ്ലീങ്ങളുടെ കൂട്ടക്കൊലയില്‍ ലോകമെമ്പാടുമുളള മുസ്ലീങ്ങളുടെ മനസ് വിങ്ങുന്നു.ഇസ്ലാം രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ ഹിന്ദുത്വ ശക്തികളേയും പാര്‍ട്ടികളേയും അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചേ മതിയാകൂ.’ഇറാന്റെ പരമോന്നത നേതാവ് ആയത്തൊളള ഖൊമേനി വ്യാഴാഴ്ച ട്വിറ്ററില്‍ വ്യക്തമാക്കി.’ഇന്ത്യന്‍ മുസ്ലീം ഇന്‍ ഡെയ്ഞ്ചര്‍’ എന്ന ഹാഷ്ടാഗ് ആണ് ഇറാന്‍ വിദേശകാര്യമന്ത്രി സവാദ് ഷറീഫ് ഷെയര്‍ ചെയ്തത്.

‘വ്യാപകമായ മുസ്ലീംകൂട്ടക്കൊല’ എന്നാണ് തുര്‍ക്കി പ്രസിഡണ്ട് റസപ് തയ്യിപ് എര്‍ഡോഗാന്‍ ഡല്‍ഹി കലാപത്തെ വിശേഷിപ്പിച്ചത്.കശ്മീര്‍ പ്രശ്‌നത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തുര്‍ക്കി തയ്യാറാവുകയും ചെയ്തു.

പൗരത്വ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവനയും ലോകം കൗതുകത്തോടെ വീക്ഷിച്ചു.’ജനം മരിക്കുക’യാണെന്നായിരുന്നു മഹാതിര്‍ന്റെ പ്രസ്താവന.ഇത് ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തുകയും ഇന്ത്യ ഉപരോധത്തിലേക്ക് നീങ്ങിയിട്ടും പ്രസ്താവനയില്‍ നിന്ന് പിന്മാറാന്‍ മഹാതിര്‍ തയ്യാറായില്ല.ദക്ഷിണേഷ്യയില്‍ മോഡിക്ക് നല്ല ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നേതാവായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ‘അനാവശ്യം’എന്നാണ് പൗരത്വ ഭേദഗതി നിയമത്തെ വിശേഷിപ്പിച്ചത്.

ഇന്ത്യ ചരിത്രപരമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുളള പ്രതികരണങ്ങളാണിവ.അറബ് ലോകം മോഡിയോടുളള നിലപാട് മാറ്റിയോ എന്നതും ചര്‍ച്ചാ വിഷയമാണ്.പ്രത്യക്ഷ പ്രതികരണങ്ങള്‍ ഇല്ലാത്തത് പോസിറ്റീവ് ആണെന്നാണ് മോഡി ഭക്തര്‍ കരുതുന്നത്.എന്നാല്‍ തുറന്നുളള അഭിപ്രായപ്രകടനങ്ങള്‍ വിലക്കുളളയിടങ്ങളില്‍ അഭിപ്രായം അറിയാന്‍ എന്ത് അളവുകോല്‍ എടുക്കും?അല്‍ജസീറയടക്കമുളള മാധ്യമങ്ങളുടെ കവറേജ് വെച്ച് നോക്കിയാല്‍ മോഡിക്കെതിരാണ് പൊതുവികാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News