മലയാള മാധ്യമങ്ങളുടെ പ്രക്ഷേപണ വിലക്ക് ഭരണ വര്‍ഗത്തിനെതിരായ അഭിപ്രായ രൂപീകരണത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം: പുകസ

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് തടഞ്ഞ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ നടപടി ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൂച്ചു വിലങ്ങിടലാണ്. ഈ ഫാസിസ്റ്റിക് നടപടിയിൽ പുരോഗമന കലാസാഹിത്യസംഘം ശക്തമായി പ്രതിഷേധിക്കുന്നു.

രണ്ടു ചാനലുകളെ രണ്ടു ദിവസത്തേക്ക് തടയുക മാത്രമല്ല ഈ നടപടിയിലൂടെ ഇന്ത്യ ഭരിക്കുന്ന ഭൂരിപക്ഷ മതമേധാവിത്വ സർക്കാർ ചെയ്യുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും തങ്ങൾ തെല്ലും വിലകല്പിക്കുന്നില്ല എന്നും ഏതു മാധ്യമസ്ഥാപനത്തിനും അഭിപ്രായരൂപീകരണം നടത്തുന്നവവർക്കും ഇത് ഒരു പാഠമായിരിക്കണം എന്നുമാണ് സർക്കാർ ഈ നടപടിയിലൂടെ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ ഭരണവർഗത്തിനായി ഇഴയാൻ തയ്യാറായി നില്ക്കുന്ന മാധ്യമങ്ങളെ ഈ നടപടി കൂടുതൽ വിധേയത്വത്തിനു നിർബന്ധിക്കും.

ഫെബ്രുവരി 22 മുതൽ 26 വരെ ദില്ലിയിൽ നടന്ന വർഗീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത് അനുചിതമായ രീതിയിൽ എന്നു പറഞ്ഞാണ് ഈ ചാനലുകളുടെ നേരെ നടപടി എടുത്തിരിക്കുന്നത്. ഏഷ്യാനെറ്റും മീഡി വണ്ണും പ്രകോപനപരമായും അക്രമത്തിന് ഉത്തേജനം നല്കും വിധവും പൊലീസിനെതിരെയും ഒരു സമുദായത്തിൻറെ പക്ഷം പടിച്ചും പൌരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവരെ മോശമായി ചിത്രീകരിച്ചും ആണ് വാർത്തകൾ നല്കിയത് എന്നാണ് വാർത്താവിതരണ മന്ത്രാലയത്തിൻറെ ഉത്തരവ് പറയുന്നത്.

മീഡിയ വണ്ണിൻറെ കാര്യത്തിൽ ആർ എസ് എസിനെതിരെയും വാർത്ത നല്കി എന്നുമുണ്ട്. രാഷ്ട്രപിതാവിനെ വധിച്ച സംഭവത്തിൽ നിരോധിക്കപ്പെട്ട ആർ എസ് എസിനെതിരെ പറയുന്നത് രാജ്യദ്രോഹം ആകുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഈ ഉത്തരവ് കാണിക്കുന്നത്.

ഇത്തരം ഒരു നടപടിക്ക് കാരണമാകും വിധം കുഴപ്പമുള്ളതായിരുന്നില്ല ഈ ചാനലുകളുടെ റിപ്പോർട്ടിംഗ്. മാത്രവുമല്ല, ദില്ലിയിൽ നടക്കുന്ന അക്രമത്തിന് മലയാളം ടി വി ചാനലിലെ വാർത്ത ഉത്തേജമാകുന്നു എന്നു കണ്ടു പടിച്ച മന്ത്രാലയം റിപ്പബ്ലിക് ടിവി, ടൈംസ് നൌ തുടങ്ങിയ ചാനലുകൾ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ റിപ്പോർട്ടിംഗ് കണ്ടുമില്ല.

വാർത്തകൾ അറിയുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും ഭരണഘടനാദത്തമായ നമ്മുടെ അവകാശത്തിനുമേൽ സർക്കാർ നടത്തുന്ന ഈ അമിതാധികാര പ്രയോഗത്തിനെതിരെ എല്ലാ ജനാധിപത്യവാദികളും എഴുത്തുകാരും കലാകാരും പ്രതിഷേധിക്കണമെന്ന് പുരോഗമനകലാസാഹിത്യസംഘം അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here