യെസ്‌ ബാങ്ക്‌ പ്രതിസന്ധി: എടിഎമ്മുകൾ കാലിയായി; ഓഹരിമൂല്യം ഇടിഞ്ഞു; ഇടപാടുകാർ ആശങ്കയിൽ

സാമ്പത്തികാടിത്തറ തകർന്ന യെസ്‌ ബാങ്ക്‌ വായ്‌പകൾ നൽകുന്നത്‌ റിസർവ്‌ ബാങ്ക്‌ വിലക്കി. പണം പിൻവലിക്കുന്നതിന് ആർബിഐ കഴിഞ്ഞ ദിവസം നിയന്ത്രണമേർപ്പെടുത്തിയതോടെ എടിഎമ്മുകൾ കാലിയായി. ബാങ്കിന്റെ എടിഎമ്മുകളിൽ പണം നിക്ഷേപിക്കേണ്ടെന്നും നിർദേശിച്ചു.

പിൻവലിക്കാവുന്ന തുക 50,000 ആയി കുറച്ചതോടെ പണം മറ്റ്‌ അക്കൗണ്ടിലേക്ക് മാറ്റാൻ ഇടപാടുകാർ തിരക്കുകൂട്ടിയത്‌ ഓൺലൈൻ സംവിധാനത്തെ താറുമാറാക്കി. കിട്ടാക്കടം പെരുകിയതും, മൂലധന അപര്യാപ്‌തതയും ഭരണതലത്തിലെ കെടുകാര്യസ്ഥതയുമാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്‌.

പണം പിൻവലിക്കുന്നതിന്‌ 30 ദിവസത്തേക്കാണ്‌ നിയന്ത്രണം. പ്രതിസന്ധി മൂർച്ഛിച്ചതോടെ ബാങ്കിന്റെ ഓഹരിമൂല്യം 85 ശതമാനം ഇടിഞ്ഞു. പിന്നീട്‌ ഇടിവ്‌ 56 ശതമാനമായി. ഇത്‌ ഓഹരി വിപണിയെ മൊത്തം ബാധിച്ചു. 2018–-19ലെ വാർഷിക റിപ്പോർട്ട് പ്രകാരം മൂലധന അപര്യാപ്തത അനുപാതം 2019 മാർച്ചിൽ മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 16.5 ശതമാനമായിരുന്നു.

അടുത്തിടെ ഇതും വീണ്ടും കുറഞ്ഞു. ബാങ്ക്‌ തകർച്ചയിലേക്കാണെന്ന്‌ മനസിലാക്കിയിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടാത്തതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്ക് കൺസോർഷ്യം യെസ് ബാങ്കിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു.

കൺസോർഷ്യം രൂപീകരിക്കുന്നതിന്‌ ധനസ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം എൽഐസിക്കും എസ്ബിഐക്കുമാണ്. പ്രതിസന്ധി ചർച്ച ചെയ്യാൻ എസ്ബിഐ ചെയർമാൻ രജനീഷ്‌ കുമാറും ധനമന്ത്രി നിർമല സീതാരാമനും കൂടിക്കാഴ്ച നടത്തി.

പ്രതിസന്ധി എത്രയുംവേഗം പരിഹരിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജീവനക്കാർക്ക്‌ ഒരു വർഷത്തേക്കുള്ള ശമ്പളം ഉറപ്പാക്കിയിട്ടുണ്ട്‌. ഇടപാടുകാരുടെ പണം സുരക്ഷിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമെന്ന്‌ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

യെസ്‌ ബാങ്ക്‌ പ്രതിസന്ധിയും കോവിഡ്‌–19 വ്യാപനവും ചേർന്ന്‌ ഓഹരിവിപണിയിൽ വൻ തകർച്ച സൃഷ്ടിച്ചു. മുംബൈ ഓഹരിവിപണി സൂചിക സെൻസെക്‌സ്‌ 894 പോയിന്റും ദേശീയ സൂചിക നിഫ്‌റ്റി 289 പോയിന്റും ഇടിഞ്ഞു. ഡോളറിന്‌ 73.79 എന്ന നിലയിൽ രൂപയുടെ വിനിമയമൂല്യം ശോഷിച്ചു. വ്യാപാരത്തിനിടെ ഡോളറിന്‌ 74.08 വരെയായി രൂപയുടെ മൂല്യം താഴ്‌ന്നു.

ബാങ്കിങ്‌, ഉരുക്ക്‌, ഐടി, സേവനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലെ ഓഹരികളും തകർന്നു. യെസ്‌ ബാങ്ക്‌ ഓഹരിമൂല്യത്തിൽ 56 ശതമാനം കുറവുണ്ടായി. 85 ശതമാനംവരെ ഇടിഞ്ഞശേഷം തിരിച്ചുകയറിയതാണ്‌. ആഗോളവിപണികളിലും ഇടിവ്‌ തുടരുകയാണ്‌. ഉപഭോഗം കുറഞ്ഞതിനെ തുടർന്ന്‌ എണ്ണവിലയും താഴോട്ടാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel