രാജ്യത്ത് 31 പേര്‍ക്ക് കോവിഡ്‌ 19 ; അതീവ ജാഗ്രത; ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഒരു ഡൽഹി സ്വദേശിക്കുകൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്‌–-19 രോഗബാധിതരുടെ എണ്ണം 31ആയി. തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച ഇരുപത്തഞ്ചുകാരനായ ഉത്തംനഗർ സ്വദേശിക്കാണ് വൈറസ് ബാധ.


ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചു. ആളുകൾ കൂടുന്ന പരിപാടികളുടെ സംഘാടകർ സംസ്ഥാന, ജില്ലാ അധികൃതരെ അറിയിക്കണം.

ജില്ല, ബ്ലോക്ക്‌, വില്ലേജ് തലത്തിൽ ദ്രുതകർമസേനകൾക്ക്‌ രൂപം നൽകണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും നടത്തണം. മുഖാവരണം അടക്കമുള്ള അടിയന്തര വസ്‌തുക്കൾക്ക് ഉയർന്ന വില ഈടാക്കിയാൽ നടപടിയെടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൽഹിയിൽ വിവിധ മന്ത്രാലയങ്ങൾക്കുകീഴിലുള്ള ഓഫീസുകളിൽ 31വരെ ആധാർ അധിഷ്‌ഠിത ബയോമെട്രിക് പഞ്ചിങ്‌ ഒഴിവാക്കി. പകരം ജീവനക്കാർ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തണം. ബയോമെട്രിക് പഞ്ചിങ്‌ യന്ത്രത്തിൽ സ്‌പർശിക്കുന്നത്‌ സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

ഡൽഹി സ്‌കൂളുകളിൽ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. അങ്കണവാടികൾക്കും 31 വരെ പ്രൈമറി സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തിരിച്ചു. മടക്കയാത്രയിൽ ഇറാൻകാരെ കൊണ്ടുപോകും. ഇറാനിലുള്ള ഇന്ത്യക്കാർക്ക്‌ രോഗം ബാധിച്ചിട്ടില്ലെന്ന്‌ മന്ത്രാലയം വക്താവ്‌ രവീഷ്‌ കുമാർ പറഞ്ഞു. രാജ്യത്ത്‌ വ്യാഴാഴ്‌ചവരെ 29,607 പേർ നിരീക്ഷണത്തിലാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോക്‌സഭയിൽ പറഞ്ഞു.

1500 പേരെ പാർപ്പിക്കാനുള്ള നിരീക്ഷണകേന്ദ്രം തയ്യാറാക്കുമെന്ന്‌ കരസേന അറിയിച്ചു. എല്ലാ കേന്ദ്ര പൊലീസ്‌ സേനയും ഹോളി ആഘോഷം റദ്ദാക്കി. പാർലമെന്റിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. എംപിമാർക്കും ഇതിനുള്ള നിർദേശം നൽകി. വാഗാ അതിർത്തിയിൽ വൈകിട്ട് അഞ്ചിനുള്ള റിട്രീറ്റ് ആഘോഷ ചടങ്ങിൽനിന്ന് പൊതുജനങ്ങളെ ഒഴിവാക്കി.

വത്തിക്കാനും പലസ്‌തീനുമടക്കം ആറു രാജ്യത്തുകൂടി കൊറോണ വൈറസ്‌ (കോവിഡ്‌–-19) ബാധിച്ചതായി സ്ഥിരീകരിച്ചു. പലസ്‌തീനിൽ വെസ്റ്റ്‌ബാങ്കിലെ ബെത്‌ലഹേമിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ബ്രിട്ടനിലും നെതർലൻഡ്‌സിലും ആദ്യമരണം റിപ്പോർട്ട്‌ ചെയ്‌തു. 90 രാജ്യത്തായി ഒരുലക്ഷത്തോളം ആളുകൾക്ക്‌ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്‌. 80,552 പേർക്ക്‌ ബാധിച്ച ചൈനയിൽ 53,726 പേർ രോഗവിമുക്തരായി.

ഇറാനിൽ മുതിർന്ന നയതന്ത്രജ്ഞനും വിദേശമന്ത്രിയുടെ ഉപദേഷ്ടാവുമായ ഹുസൈൻ ഷേഖുലിസ്ലാം കോവിഡ്‌ ബാധിച്ചു മരിച്ചു. ഇതോടെ, ഇവിടെ ഈ രോഗം ബാധിച്ചുമരിച്ച പ്രമുഖരുടെ എണ്ണം ഏഴായി. പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ്‌, എംപി, നയതന്ത്രജ്ഞർ തുടങ്ങിയവർ മരിച്ചവരിൽപ്പെടുന്നു.

ഇറാനിൽ കോവിഡ്‌ ബാധിച്ചുമരിച്ചവരുടെ എണ്ണം 124 ആയി. രോഗികൾ 4747. തെഹ്‌റാനിലെ എംപി ഫാത്തിമി റഹ്‌ബാർ അബോധാവസ്ഥയിലാണ്‌. ലോകത്താകെ 3404 പേർ കോവിഡ്‌ ബാധിച്ചുമരിച്ചതായാണ്‌ അവസാന വിവരം. ചൈനയിൽ 3042 പേർ മരിച്ചിട്ടുണ്ട്‌. രോഗം ഏറ്റവുമധികം ബാധിച്ച മറ്റു രാജ്യങ്ങളിലെ സ്ഥിതി: രോഗികൾ, മരണസംഖ്യ (ബ്രാക്കറ്റിൽ) എന്നക്രമത്തിൽ:

ദക്ഷിണ കൊറിയ 6284 (42),
ഇറ്റലി 4636 (197),
ഫ്രാൻസ്‌ 423 (7),
അമേരിക്ക 200 (12).
ചൈനയ്‌ക്കു പുറത്ത്‌ 17,571 പേർക്ക്‌ ബാധിച്ചതിൽ 362 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News