പക്ഷിപ്പനി; 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനം

കോ‍ഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമായി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയും കൊന്നുകളയാനാണ് തീരുമാനം.

കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം.

അതേസമയം രോഗം ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചതിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു.

സംസ്ഥാനത്ത് 2016 ല്‍ കുട്ടനാട്ടിലെ താറാവുകള്‍ക്കായിരുന്നു ഇതിനു മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News