കൊറോണ: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തലാക്കി കുവൈറ്റ്; നിരോധനം ഒരാഴ്ചത്തേക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി.ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം.

ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവര്‍ക്കും മറ്റു വിമാന കമ്പനികള്‍ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നത് ചര്‍ച്ച വിലയിരുത്തുന്നതിനായി ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

വൈകുന്നേരം മുതല്‍ ആരംഭിച്ച മന്ത്രിസഭായോഗം അസാധാരണാം വിധം 4 മണിക്കൂറിലധികം നീണ്ടു നിന്നു. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ വഴി കൊറോണ വൈറസ് ബാധ പകരുന്നത് തടയാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നള്ള യാത്രക്കാര്‍ക്ക് മാര്‍ച്ച് 8 മുതല്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിബന്ധന റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ നിരവധി പാര്‍ലമന്റ് അംഗങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മാര്‍ച്ച് 8 മുതല്‍ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ ഈ തിയ്യതിക്ക് മുമ്പായി കുവൈത്തിലേക്ക് തിരിച്ചു വരികയോ തൊട്ടടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയോ ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടു കൂടി സര്‍ട്ടിഫിക്കറ്റ് നിബന്ധന മന്ത്രിസഭ റദ്ദാക്കിയതോടെ പെട്ടെന്നുള്ള തിരിച്ചുവ്വരവ് ആവശ്യമല്ലാതിരുന്ന പലരും ബുക്ക് ചെയ്ത ടിക്കറ്റ് കേന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു.

വിമാന സര്‍വ്വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിയതായാണു സൂചിപ്പിക്കുന്നത്. എങ്കിലും അവസാന 2 ആഴ്ചക്കാലം ഈ രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിബന്ധന പലര്‍ക്കും കെണിയാകും.

ഒരാഴ്ചക്ക് ശേഷം വിമാന സര്‍വ്വീസ് പുനരാരംഭിച്ചാല്‍ പോലും 2 ആഴ്ചക്ക് ശേഷം മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചു വരവിനു സാധ്യമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News