കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി.
കോവിഡ്-19 അണുബാധ വര്‍ധപ്പിക്കുന്നതിലും ലോകമെമ്പാടും വൈറസ് പടരുന്നതിലും ഇറാന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിന്റെ തെളിവാണ് ഈ നടപടികളെന്നും സൗദി വാര്‍ത്താ ഏജന്‍സി (എസ്പിഎ)യെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. കൂടാതെ, കോവിഡ്-19 നെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ലോകമെമ്പാടുമുള്ള നിരവധി മനുഷ്യരെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് സൗദി കുറ്റപ്പെടുത്തി.
ഫെബ്രുവരി ഒന്നു മുതല്‍ അനധികൃതമായി ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാരുടെ വിവരങ്ങള്‍ ഇറാന്‍ വെളിപ്പെടുത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
സൗദിയില്‍ ഇതിനകം കൊറോണ സ്ഥിരീകരിച്ച അഞ്ചു പേര്‍ക്കും ഇറാനില്‍ നിന്നാണ് കൊറോണ ബാധിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശിച്ച് ബഹ്‌റൈനും കുവൈത്തും വഴി രാജ്യത്ത് തിരികെ പ്രവേശിക്കുകയായിരുന്നു.
ഇറാന്‍ സന്ദര്‍ശിച്ച കാര്യം അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇവരുടെ പാസ്പോര്‍ട്ടില്‍ ഇറാന്‍ സീല്‍ ഉണ്ടായിരുന്നില്ല.
അയല്‍ രാജ്യങ്ങള്‍ വഴിയായിരുന്നു ഇവര്‍ ഇറാനിലേക്ക് പോയത്. സൗദിക്കുപുറമേ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവടങ്ങളിലെല്ലാം കൊറോണ എത്തിയത് ഇറാനില്‍ നിന്നാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാര്‍ ഉടന്‍ ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് വര്‍ഷങ്ങളായി വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിദേശ യാത്രാ വിലക്കും പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും വിലക്ക് ബാധകമാണ്.

Get real time update about this post categories directly on your device, subscribe now.