ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെ?

ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെയെന്നാണ് ഏഷ്യാനെറ്റിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചോദിക്കുന്നത്.

ഇന്നലെ 7.30 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് രണ്ടു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ഏഷ്യാനെറ്റിന്റെയും രാവിലെ 10 മണിയോടെ മീഡിയ വണ്ണിന്റെയും വിലക്ക് നീക്കി. എന്നാല്‍ 48 മണിക്കൂര്‍ വിലക്ക് എങ്ങനെ നീക്കി, എന്തിന് നീക്കി എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.

വിലക്ക് നീക്കിയത് സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ വിശദീകരണമോ നോട്ടീസോ പോലും പുറത്തിറങ്ങാതെ എങ്ങനെ ഇരു ചാനലുകളും സംപ്രേഷണം ആരംഭിച്ചു എന്നാണ് ശശികുമാര്‍ ചോദിക്കുന്നത്.

ചാനലുകള്‍ ക്ഷമാപണം നടത്തുകയോ വിശദീകരണം നല്‍കുകയോ മറ്റെന്തെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലോ ആണോ വിലക്ക് നീങ്ങാനിടയായത്? ശശികുമാര്‍ ചോദിക്കുന്നു.

സംപ്രേഷണം വിലക്കിയതിലൂടെ ചാനലുകള്‍ക്ക് നേരിട്ട പ്രതിസന്ധികള്‍ ബോധ്യപ്പെട്ട വാര്‍ത്താ പ്രക്ഷേപണമന്ത്രാലയത്തിനുണ്ടായ മാനസാന്തരമാണോ വിലക്ക് നീങ്ങാനിടയായത്.

ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ പാഠം പഠിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൃത്യമായി ആസുത്രണം ചെയ്ത പദ്ധതിയല്ലേ വിലക്ക് നാടകമെന്നും ശശികുമാര്‍ ചോദിക്കുന്നു.

മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ എത്രത്തോളം കടന്നു കയറ്റം നടത്താമെന്ന ടെസ്റ്റ് ഡോസ് കൂടിയായിരുന്നോ വിലക്കെന്നും ശശികുമാര്‍ ഫേസ്ബുക്കിലൂടെ ചോദ്യം ഉയര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News