മാധ്യമവിലക്ക്; അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം; ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണം

രണ്ടു മലയാള ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ നടപടി അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു.

ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചെങ്കിലും രാജ്യത്ത് നില നില്‍ക്കുന്ന സാഹചര്യത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നു. ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കുവാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിഗതിയാണ് ഇപ്പോഴുള്ളത്. ആര്‍എസ്എസ്സിനേയും പോലീസിനേയും വിമര്‍ശിക്കുന്നത് കുറ്റകരമാണെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രഖ്യാപിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുമെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നല്‍കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാക്കിയ ഭരണഘടന നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. മാധ്യമ സ്വാതന്ത്ര്യം അതിന്റെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണെന്ന് കോടതി വിധികള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവ കാശങ്ങള്‍ സസ്പെന്റ് ചെയ്താണ് മാധ്യമങ്ങളെ നിശബ്ദരാക്കിയതെങ്കിലും ഇന്ന് ഭരണഘടനയെ നോക്കുകുത്തിയാക്കി ഏകാധിപത്യം നടപ്പിലാക്കുകയാണ് ചെയ്യുന്നത്.

ഡല്‍ഹിയിലെ വംശീയാക്രമണ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രീതി പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. യഥാര്‍ത്ഥത്തില്‍ വര്‍ഗീയാക്രമണങ്ങള്‍ ആളിക്കത്തിക്കുന്ന കുറ്റകരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. വിയോജിച്ച് സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്ത ബി.ജെ പി നേതാക്കള്‍ക്ക് എതിരെ കേസ്സെടുക്കാന്‍ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല.

ഈ നീതി നിഷേധത്തില്‍ ഇടപെട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റി. വര്‍ഗ്ഗീയാക്രമണം ആളിക്കത്തിച്ചവരാണ് ഇപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.

പല മാധ്യമങ്ങളുടേയും പ്രവര്‍ത്തന രീതികളോട് വിയോജിപ്പുകളുണ്ടാകാം. എന്നാല്‍, അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍, ആ പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ വിശാലമായ ഐക്യത്തിന്റെ നിലപാടാണ് സ്വീകരിക്കേണ്ടത്.

ഈ സന്ദര്‍ഭത്തിലും ചില മാധ്യമങ്ങള്‍ പ്രകടിപ്പിച്ച പാര്‍ശ്വവല്‍ക്കരണം ഞെട്ടിപ്പിക്കുന്നതാണ്. തങ്ങളെ തേടി വരുന്നതുവരെ കാത്തു നിന്നാല്‍ അന്ന് ഒപ്പമുണ്ടാകാന്‍ ആരുമുണ്ടാകില്ലെന്ന ചരിത്ര യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News