സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിത്വമുള്ള സംസ്ഥാനത്തെ ഉയര്‍ത്തണം; വനിതാ മതില്‍ സംസ്ഥാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്: പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒന്നാംസ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നത് നമ്മുടെ അടിയന്തര കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സുരക്ഷയക്കും വനിതാശാക്തീകരണത്തിനും വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ കേരളത്തിന് ഒന്നാംസ്ഥാനത്തെത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്‌കാരവും തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല സാമൂഹിക സൂചകങ്ങളിലും കേരളം മുന്‍പന്തിയിലാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ലിംഗസമത്വത്തിന്റെ കാര്യത്തിലും അതേ പദവി നിലനിര്‍ത്താന്‍ നമുക്കാവുന്നുവെന്നത് അഭിമാനം പകരുന്ന കാര്യമാണ്.

ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ലിംഗസമത്വത്തിന്റെ കാര്യത്തില്‍ കേരളം ഒരു പ്രകാശ രേഖയാണ് എന്നാണ്.

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തിന്റെ പിന്തുടര്‍ച്ചാ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിവരുന്നത്. എഴുതപ്പെട്ട ചരിത്രത്താളുകളില്‍ ഇടം പിടിച്ചിട്ടില്ലാ എങ്കില്‍ പോലും ധീരമായ നിരവധി സ്ത്രീ മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ചരിത്രം.

നമ്മുടെ നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നതുതന്നെ സമരോത്സുകമായ ചരിത്രം രചിച്ചുകൊണ്ടാണ്.

അതിന്റെ തുടര്‍ച്ചയിലാണ് കേരളത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ലിംഗസമത്വമെന്ന മഹത്തായ സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട് വനിതാ മതില്‍ സംഘടിപ്പിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ക്കും സ്ത്രീ പുരുഷ സമത്വത്തിനുമായുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ജാതി-മത-പ്രായഭേദമന്യേ മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി ആ വന്‍മതിലില്‍ പങ്കാളികളായത്. കേരളത്തിന്റെ സ്ത്രീശാക്തീകരണ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലായി അത് മാറി.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ലിംഗസമത്വത്തിനായി വ്യത്യസ്തമായ പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ സാര്‍വ്വദേശീയ വനിതാദിനം കടന്നുവരുന്നത്.

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ഇത്തരം ദിനാചരണങ്ങള്‍ ഉപകാരപ്രദമാണെന്ന കാര്യത്തില്‍ സംശയമില്ല.

ലിംഗസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ വിഷയത്തില്‍ ധാരാളം ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമൊക്കെ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ലോകസാഹചര്യം പരിശോധിച്ചാല്‍ സ്ത്രീപുരുഷ തുല്യത ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല എന്നുകാണാം.

ലിംഗസമത്വം കൈവരണമെങ്കില്‍ ഒരു നൂറ്റാണ്ടു കൂടിയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ലോക സാമ്പത്തിക ഫോറം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 144 രാജ്യങ്ങളിലെ സ്ത്രീജിവിതം ആധാരമാക്കി തയ്യാറാക്കിയ ആ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 108-ാമതാണ്.

പുരാണ മാതൃകകളും, സൂക്തങ്ങളും ഉദ്ധരിച്ച് സ്ത്രീകളുടെ മഹത്വത്തെക്കുറിച്ച് ചിലര്‍ വാഴ്ത്തിപ്പാടാറുണ്ട്. എന്നാല്‍, അവരുടെ പാരമ്പര്യവാദ വാചാടോപങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്ന് കാണാനാകും.

ആഗോളതലത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പല റിപ്പോര്‍ട്ടുകളും പരിശോധിച്ചാല്‍ ലിംഗസമത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറെ പിന്നിലാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ഇവിടെ പറഞ്ഞുകേള്‍ക്കാറുള്ള ഒരു സംസ്‌കൃത സൂക്തമുണ്ട്. ‘യെത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്രദേവതാ’ എന്നതാണത്. സ്ത്രീയെ പൂജിക്കുന്നിടത്ത് ദേവത കളിയാടുന്നു എന്നര്‍ത്ഥം.

ഇതു പറഞ്ഞുകൊണ്ടു തന്നെ സ്ത്രീയെ നിന്ദിക്കുകയും ചവിട്ടിത്തേക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ഇവിടെ പുലര്‍ന്നു വളര്‍ന്നു. ഏട്ടിലെ പശു പുല്ല് തിന്നില്ല.

വാക്കില്‍ പറഞ്ഞതുകൊണ്ട് കാര്യമാകില്ല. സ്ത്രീ എന്ത് അനുഭവിക്കുന്നു എന്നതാണ് പ്രധാനം. നൈനാ സാഹ്നി എന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ അവരുടെ സഹപ്രവര്‍ത്തകന്‍ തന്നെയായ ഒരു നേതാവ് തണ്ടൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന അനുഭവം ഇവിടെയുണ്ട്.

ഗ്യാസ് കത്തിയും സ്റ്റൗ പൊട്ടിത്തെറിച്ചും സ്ത്രീധനം കൊണ്ടുവരാത്ത സ്ത്രീകള്‍ മരിക്കുന്ന അവസ്ഥയുണ്ട്.ഈ അവസ്ഥയെ ദേവത കളിയാടുന്നു എന്ന സൂക്തം കൊണ്ട് മറയ്ക്കാനാവില്ല. സ്ത്രീയുടെ നില ഉയര്‍ത്തിയെടുത്തേ പറ്റൂ.

നിയമനിര്‍മാണ സഭകളില്‍ അടക്കമുള്ള സ്ത്രീപ്രാതിനിധ്യം ഉയര്‍ത്തുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെ അവസരം വരുമ്പോഴൊക്കെ അതിനെതിരെ നിയമനിര്‍മാണ സഭകളിലടക്കം പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. പ്രസംഗം ഒരു വഴിക്ക്.

പ്രവര്‍ത്തനം മറ്റൊരു വഴിക്ക്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ സമൂഹത്തിന്റെ മനോഘടന തന്നെ മാറണം. അതിനുവേണ്ടിയുള്ള പ്രചോദനം നല്‍കുന്നതാകട്ടെ ഇത്തവണത്തെ വനിതാദിനം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും വികസനത്തിനുമായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനായാണ് 2017ല്‍ സാമൂഹ്യ നീതി വകുപ്പ് വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചത്.

സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നൈപുണ്യ പരിശീലന പരിപാടികള്‍, പൊലീസ് സേനയിലെ സ്ത്രീപ്രാതിനിധ്യം, സ്ത്രീകളുടെ സുരക്ഷയ്ക്ക് പിങ്ക് പൊലീസ്, സ്ത്രീകള്‍ക്കു മാത്രമായി ഒരു ബറ്റാലിയന്‍ തുടങ്ങിയവ നടപ്പിലാക്കി.

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ വികാസം ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിവരുന്നത്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന രാത്രി നടത്തം.

സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയില്‍ സമൂഹത്തിന്റെ പങ്ക് ഉറപ്പുവരുത്തുന്നതിനുമായി 600ഓളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഈ പരിപാടി നടത്തിയത്.

പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ നടത്തിവരുന്ന ഈ പരിപാടിയില്‍ വലിയ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതുകൂടാതെ രാത്രി ലൈഫ് യാഥാര്‍ത്ഥ്യമാക്കുന്നതിനും പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനായി കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, പ്രേരക്മാര്‍, മഹിളാപ്രധാന്‍ ഏജന്റ്ുമാര്‍, ജനമെത്രി പൊലീസ്, യുവജന ക്ലബുകള്‍ റസിഡന്‍സ് അസോസിയേഷന്‍ എന്നിവരെ ഉള്‍പ്പെടുത്തി കൈത്താങ്ങ് കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത 70 പഞ്ചായത്തുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ പദ്ധതി മറ്റു പഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും കുടുംബത്തിലും സമൂഹത്തിലും ജോലി സ്ഥലത്തും വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി 14 ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അഗതികളായ സ്ത്രീകള്‍ക്കും അടിയന്തിര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ നിന്നും തനിച്ച് എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സൗജന്യമായി താമസിക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ‘എന്റെ കൂട്’പ്രവര്‍ത്തിച്ച് വരുന്നു.

തലസ്ഥാന നഗരിയില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ നിന്നും തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുന്നതിനായി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ 8-ാം നിലയില്‍ വണ്‍ഡേ ഹോമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ കേരളത്തിലങ്ങോളമിങ്ങോളം ശുചിമുറികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ നഗരങ്ങളിലും സുരക്ഷിതമായി തങ്ങാനുള്ള സംവിധാനങ്ങളും ഉണ്ടാക്കും.കേരളത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങളെ ചെറുക്കുന്നതിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനതലത്തില്‍ ഒരു ക്യാമ്പയിന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്.

റിയല്‍ മെന്‍ ക്യാമ്പയിന്‍ എന്ന പേരിലുള്ള ഈ പരിപാടി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കപ്പെടുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയിലേയ്ക്ക് സഞ്ചരിക്കാനാകൂ.

അതിനാവശ്യം പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുകയല്ല, മറിച്ച് മാറുന്ന കാലത്തിനനുസൃതമായി പ്രവര്‍ത്തിക്കുകയെന്നതാണ്. ഈ വര്‍ഷത്തെ വനിതാദിനം കേവലം പ്രതിജ്ഞകളില്‍ മാത്രം ഒതുങ്ങാതെ നല്ലൊരു സാമൂഹിക സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ളതാകണം.

യാഥാസ്ഥിതികതയുടെ കടുംപിടുത്തങ്ങളില്‍ നിന്ന് അതില്‍ പെട്ടുപോയ സ്ത്രീകളെ വിടുവിച്ചെടുക്കാന്‍ കഴിയുന്നതാവണം.

വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചവരെ അഭിനന്ദിക്കുന്നു. ഏറ്റവും അര്‍ഹരായവര്‍ തന്നെയാണ് അതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News