ആഗോള തലത്തിൽ കോവിഡ്–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് കുവൈത്ത് നിർത്തിവച്ചു. ഒരാഴ്‌ചത്തേക്കാണ് വിലക്ക്.
കൊറോണ വ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് രോഗമില്ലെന്ന ലാബ് സർട്ടിഫിക്കറ്റ് സൗദി അറേബ്യ നിർബന്ധമാക്കി. പുതിയ വിസയ്‌ക്കും അവധിയിൽ നാട്ടിൽ പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും സാക്ഷ്യപത്രം വേണം.
വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ കുവൈത്തിലേക്കുള്ള 260 യാത്രക്കാരെ കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയച്ചു.
കണ്ണൂരിൽനിന്ന് 90ഉം കരിപ്പൂരിൽനിന്ന് 170 യാത്രക്കാരെയുമാണ് മടക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ലബനന്‍, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസാണ് കുവൈത്ത് നിർത്തിയത്. ഈ രാജ്യങ്ങളിൽ രണ്ടാഴ്ചയിൽ കൂടുതൽ തങ്ങിയവരെ പ്രവേശിപ്പിക്കില്ല. ഇവിടങ്ങളില്‍ നിന്നു വരുന്ന കുവൈത്ത് പൗരന്മാരെ 14 ദിവസത്തേക്ക് മാറ്റി പാർപ്പിക്കും.
സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കൊറോണബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. യാത്രക്കാർ വിമാനത്തില്‍ കയറുന്നതിന് 24 മണിക്കൂറിനുള്ളില്‍ സൗദി എംബസികള്‍ നിര്‍ദേശിക്കുന്ന അംഗീകൃത ലാബുകളില്‍ തയ്യാറാക്കിയ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്.
സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തിമാത്രമേ ബോര്‍ഡിങ് പാസ് നല്‍കൂ. ബഹ്‌റൈന്‍, യുഎഇ, കുവൈത്ത്, എന്നീ അയൽരാജ്യക്കാര്‍ക്ക് കരമാര്‍ഗമുള്ള പ്രവേശനത്തിനും സൗദി നിരോധനമേര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍നിന്നുള്ള ചരക്ക് വാഹങ്ങള്‍ക്ക് നിരോധനമില്ല.
ഇറാനിൽ കൊറോണ ബാധിച്ച് 21പേർകൂടി മരിച്ചു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 145 ആയി. 1076 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം കോവിഡ് 19 മരണം 3500 കടന്നു. 1020000 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരിൽ 3070 പേർ ചൈനയിലാണ്. ചൈനയ്‌ക്ക് പുറത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്–197.
ഇന്ത്യയിൽ ശനിയാഴ്‌ച മൂന്നുപേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇറാൻ സന്ദർശിച്ച രണ്ട് ലഡാക് സ്വദേശികൾക്കും ഒമാനിൽനിന്നുവന്ന ഒരു തമിഴ്‌നാട്ടുകാരനുമാണ് രോഗമുള്ളത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34 ആയി. രോഗം സ്ഥിരീകരിച്ച അമേരിക്കൻ പൗരനൊപ്പം ഭൂട്ടാനിൽ യാത്രചെയ്‌ത 150 ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്.

Get real time update about this post categories directly on your device, subscribe now.