സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം; വനിതാദിനാഘോഷത്തിന്‌ പ്രൗഢ ഗംഭീര തുടക്കം

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ വനിതാദിനാഘോഷത്തിന്‌ പ്രൗഢഗംഭീര തുടക്കം. വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വനിതാ ശിശുവികസനമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

2019 വർഷത്തെ വനിതാരത്‌ന പുരസ്‌കാരം, സർഗ അവാർഡ്, നൈറ്റ് വാക്ക് അവാർഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമൺ പോർട്ടൽ, അനിമേഷൻ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കൽ, മികച്ച വനിതാസംരംഭകരെ ആദരിക്കൽ, ഐസിഡിഎസ് അവാർഡ്, കലാപരിപാടികൾ എന്നിവ ആഘോഷത്തിന്‌ തിളക്കമായി.

അരിവാൾരോഗികൾക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ച സി ഡി സരസ്വതി, ജീവിതപ്രതിസന്ധികളെ അതിജീവിച്ച് കായികരംഗത്ത് മികവ് തെളിയിച്ച കുമാരി പി യു ചിത്ര, പ്രതികൂലസാഹചര്യങ്ങളിൽ തളർന്നുപോകാതെ ജീവിതവിജയം നേടി മാതൃകയായ പി പി രഹ്‌നാസ്, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഡോ. പാർവതി പി ജി വാര്യർ, കാർഷികഗവേഷണരംഗത്ത് ഊർജിതപ്രവർത്തനം കാഴ്ചവച്ച ഡോ. വനജ എന്നിവർക്ക്‌ വനിതാരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

ശ്രദ്ധേയ വനിതാ സംരംഭകത്വ അവാർഡ് ശ്രുതി ഷിബുലാൽ, പൂർണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരും ഏറ്റുവാങ്ങി. മികച്ച ഐസിഡിഎസ് പദ്ധതി നടപ്പാക്കിയ ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ട കലക്ടർ പി വി നൂഹിന് സമ്മാനിച്ചു. പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു.

ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, പ്ലാനിങ്‌ ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡ്വൈസർ ഡോ. ടി കെ ആനന്ദി, വനിതാ വികസന കോർപറേഷൻ എംഡി വി സി ബിന്ദു, യുവജന കമീഷൻ ചെയർപേഴ്‌സൻ ചിന്ത ജെറോം, ഡോ. മുഹമ്മദ് അഷീൽ, പുരസ്‌കാരജേതാക്കൾ എന്നിവർ സംസാരിച്ചു. ബിജു പ്രഭാകർ സ്വാഗതവും ടി വി അനുപമ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും വനിതകളുടെ രാത്രി നടത്തവും,നൈറ്റ് ഷോപ്പിംഗും സംഘടിപ്പിച്ചു.ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.മന്ത്രി കെ.കെ. ശൈലജ ടീച്ചർ തിരുവനന്തപുരത്ത് രാത്രി നടത്തത്തിൽ പങ്കാളിയായി.

അൺ എയ്ഡഡ് മേഖലയിലടക്കം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി. നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധി ലഭിക്കും.

ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയുംചെയ്യും. രാജ്യത്ത് ആദ്യമാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമ പരിധിയിൽ അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകരെ ഉൾപ്പെടുത്തുന്നത്. നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയിൽ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News