അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന പദ്ധതിക്ക്‌ ദിവസങ്ങൾക്കകം തുടക്കമാകും.

പ്രസവശേഷമോ തുടർച്ചയായോ ഉണ്ടാകുന്ന മാനസികപിരിമുറുക്കങ്ങളും പ്രസവാനന്തര വിഷാദരോഗവും തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാനാണ്‌ വനിതാ ശിശുവികസനവകുപ്പ്‌ ഒരുങ്ങുന്നത്‌. അങ്കണവാടി, ആശാ വർക്കർമാർ മുഖേനയാകും പദ്ധതി നടപ്പാക്കുക.

പ്രസവാനന്തരം വീട്ടിലെത്തുന്ന അമ്മയെ അങ്കണവാടി വർക്കർ സന്ദർശിക്കും. പിരിമുറുക്കമോ സമ്മർദമോ ഉണ്ടെന്ന്‌ തോന്നിയാൽ നിശ്ചിത ദിവസത്തിനുള്ളിൽ വീണ്ടും കാണും. സൗഹൃദ സംഭാഷണത്തിലൂടെയും കൗൺസലിങ്ങിലൂടെയും താങ്ങാകും. ഗൗരവമെന്ന്‌ കണ്ടാൽ വിദഗ്‌ധ കൗൺസലിങ്ങും ലഭ്യമാക്കും.

‘ശാരീരിക ക്ഷീണം, ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനം, കുഞ്ഞിനെക്കുറിച്ചുള്ള ആശങ്ക, പ്രസവാനന്തരമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സ്ത്രീകളിൽ പോസ്റ്റ്‌ പാർട്ടം ബ്ലൂ, ഡിപ്രഷൻ, സൈക്കോസിസ്‌ തുടങ്ങിയവയ്‌ക്ക് ഇടയാക്കുന്നു.

ലോകമെമ്പാടും 17 മുതൽ 20 ശതമാനം സ്ത്രീകൾക്ക്‌ പോസ്റ്റ്‌ പാർട്ടം ബ്ലൂ ഉണ്ടെന്നാണ്‌ കണക്ക്‌. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകും. സൈക്കോസിസിൽ എത്തിയാൽ കുട്ടികളെ അപായപ്പെടുത്താനുമിടയുണ്ട്‌’–- വനിതാ ശിശുവികസന വകുപ്പ്‌ അധികൃതർ പറഞ്ഞു.

അമ്മയാകുമ്പോൾ സ്വന്തം ആരോഗ്യവും കുഞ്ഞിന്റെ സംരക്ഷണവും ഉറപ്പാക്കാനുള്ള കഴിവ്‌ എല്ലാ സ്ത്രീകൾക്കും ഉണ്ടായെന്നു വരില്ല. കൃത്യസമയത്തുള്ള ചെറിയൊരു ഇടപെടൽപോലും ഗുണംചെയ്തേക്കാമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ്‌ പദ്ധതിക്ക്‌ രൂപം നൽകിയത്‌.

മാർച്ച്‌ അവസാനത്തിനുള്ളിൽ 600 മാസ്റ്റർ ട്രെയ്‌നർമാർക്ക്‌ പരിശീലനം നൽകും. ഇവർ ജില്ലാ, ബ്ലോക്ക്‌ തലങ്ങളിൽ അങ്കണവാടി, ആശാ വർക്കർമാരെ പരിശീലിപ്പിക്കും. മെയിൽ പ്രവർത്തികമാക്കും.

ഗർഭകാലത്ത്‌ സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്ന അമ്മ മനസ്സ്‌ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡിപ്രഷൻ ക്ലിനിക്കുകൾ, സമ്പൂർണ മാനസികാരോഗ്യ പരിപാടി തുടങ്ങിയവയിലും സ്ത്രീകളുടെ മാനസികാരോഗ്യത്തിന്‌ മുൻഗണന നൽകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News