ഒ വി വിജയന്‍റെ തസ്റാക്ക്.. പാലക്കാട്ടുകാരുടെയും

ഖസാക്കിൻ്റെ ഇതിഹാസമെന്ന ഒ വി വിജയൻ്റെ ഇതിഹാസ കൃതിയിലൂടെ ലോകമറിഞ്ഞതാണ് തസ്റാക്ക് എന്ന പാലക്കാടൻ ഗ്രാമം… കനാൽ പാലത്തിനടുത്തുള്ള വലിയ ആൽമരത്തിനു മുന്നിലെത്തുമ്പോൾ തന്നെ ഖസാക്കിലെ കഥാപാത്രങ്ങൾ ഇതിഹാസ ഭൂമിയിലേക്ക് കൈപിടിച്ച് നടത്തും. മൈമൂനയും നൈസാമലിയും അള്ളാപ്പിച്ചാ മൊല്ലാക്കയുമെല്ലാമായി കൂറ്റൻ കമാനം.

മണികണ്ഠന്‍ പുന്നക്കല്‍ തയ്യാറാക്കിയ കഥാപാത്രങ്ങൾ ഇതിവൃത്തമായ കവാടം അടുത്തിടെയാണ് തസ്റാക്കിലേക്കുള്ള വഴിയിൽ സ്ഥാപിച്ചത്. വന്നെത്തുന്നവർക്ക് വിശ്രമിക്കാനായി കനാലിനോട് ചേർന്ന് വഴിയമ്പലമുണ്ട്. അതും കടന്നാൽ തസ്റാക്കിലേക്കുള്ള നീണ്ട പാത…

കനാലിനരികിലൂടെ നീണ്ടു പോവുന്ന പാതയിലൂടെ മുന്നോട്ട് പോയി വലതു വശത്തേക്ക് തിരിഞ്ഞാൽ തസ്റാക്കിലേക്കുള്ള വഴി. കാറ്റിനൊപ്പം താളം പിടിക്കുന്ന കരിമ്പനക്കൂട്ടങ്ങളും കണ്ണെത്താ ദൂരത്തോളമുള്ള നെൽവയലുകളും നമുക്ക് മുമ്പേ വഴിതെളിക്കും. തസ്റാക്കിലെ ഒവി വിജയൻ സ്മാരകത്തിലെ പ്രധാന കവാടം കടന്നു ചെന്നാൽ ഭൂതകാലസ്മൃതികളുമായി തലയുയർത്തി നിൽക്കുന്ന ഞാറ്റുപുര കാണാം.

തസ്റാക്കിലെത്തിയപ്പോൾ ഒവി വിജയൻ താമസിച്ചിരുന്നത് ഈ ഞാറ്റുപുരയിലാണ്. ഞാറ്റുപുരയിൽ കയറിയാൽ ഒ വി വിജയൻ്റെ സ്മരണകളുമായി കാർട്ടൂണുകളും ഛായാ ചിത്രങ്ങളും കാണാം…ഒവി വിജയൻ്റെ നോവലുകളെ അടിസ്ഥാനമാക്കിയുള്ള മൂന്ന് പവലിയനുകൾ, 200 പേർക്കിരിക്കാവുന്ന മ്യൂറൽ പെയിൻ്റിംഗുകൾ നിറഞ്ഞ വിശാലമായ ഹാൾ, ഖസാക്ക് ശിൽപ വനം, ഒ വി വിജയൻ ലൈബ്രറി തുടങ്ങിയവയും തസ്റാക്കിലുണ്ട്.

കാർട്ടൂണുകൾ, ചിത്രങ്ങൾ, കത്തുകൾ, കാലിഗ്രഫി തുടങ്ങിയവ ഉൾപ്പെടുത്തിയ ആർട്ട് ഗാലറി ദിവസങ്ങൾക്ക് മുമ്പ് ആസ്വാദകർക്കായി തുറന്നിട്ടുണ്ട്.

ഖസാക്കിൻ്റെ ഇതിഹാസം നോവലിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ തസ്റാക്കിലും വിദേശത്തുമുൾപ്പെടെ നടക്കുന്നുണ്ട്. സാഹിത്യ- സാംസ്ക്കാരിക ചർച്ചയുടെ പ്രധാന കേന്ദ്രം കൂടിയാണ് തസ്റാക്ക്.

2010 ൽ രൂപീകരിച്ച ഒ വി വിജയൻ സ്മാരക സമിതി ഒരു ദശാബ്ദം കൊണ്ടാണ് ഈ കാണുന്ന നിലയിൽ തസ്റാക്കിനെ ഒ വി വിജയൻ സ്മാരകമായി വളർത്തിയെടുത്തത്. എഴുത്തുകാർക്ക് താമസിക്കുന്നതിനായി 8 കോട്ടേജുകളുടെയും ഡോർമിറ്ററിയുടെയും നിർമാണവും അറബിക്കുളം നവീകരണവും ഉടൻ നടക്കും.

കാലത്തെ അതിജീവിച്ച എഴുത്തുകാരൻ്റെ ഓർമ്മകളുമായി സാഹിത്യകാരൻമാരുടെയും സാഹിത്യാസ്വാദകരുടെയും തീർത്ഥാടന കേന്ദ്രമാക്കി തസ്റാക്കിനെ മാറ്റുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here