യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്ന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയിലും മുംബൈയിലുമായി റാണ കപൂറിന്റെയും മൂന്നു മക്കളുടെയും വസതികളില്‍ ഇ.ഡി. പരിശോധന നടത്തി. ഡി.എച്ച്.എഫ്.എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന സംശയത്തില്‍ കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് നടപടി.

മുംബൈ വര്‍ളിയിലുള്ള റാണയുടെ വീടായ സമുദ്ര മഹലില്‍ വെള്ളിയാഴ്ച രാത്രിയാണ് പരിശോധന നടന്നത്. മക്കളായ രാഖി കപൂര്‍ ടണ്ടന്‍, രോഷ്നി കപൂര്‍, രാധ കപൂര്‍ എന്നിവരുടെ വീടുകളില്‍ ശനിയാഴ്ചയാണ് പരിശോധന നടന്നത്.

ഡി.എച്ച്.എഫ്.എല്‍. ഇടപാടിന്റെ നേട്ടം മക്കള്‍ക്കും ലഭിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളിലും പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡി.എച്ച്.എഫ്.എലിന് യെസ് ബാങ്ക് നല്‍കിയ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കിയതില്‍ റാണയ്ക്കുള്ള പങ്ക് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട പി.എഫ്. ഫണ്ട് തിരിമറിക്കേസിലും റാണയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതും അന്വേഷണത്തിലുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഡി.എച്ച്.എഫ്.എലിന് യെസ് ബാങ്ക് വായ്പ നല്‍കിയ കാലയളവില്‍ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വലിയതോതില്‍ പണമെത്തിയിരുന്നു. ഇതാണ് കള്ളപ്പണനിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരേ അന്വേഷണം നടത്താന്‍ കാരണമായിരിക്കുന്നത്. ഈ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

12,500 കോടി രൂപ ഡി.എച്ച്.എഫ്.എല്‍. എണ്‍പതോളം വ്യാജ കമ്പനികളിലേക്ക് വകമാറ്റിയതായി നേരത്തേ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. യെസ് ബാങ്കില്‍നിന്ന് ലഭിച്ച തുകയാണ് ഇത്തരത്തില്‍ വകമാറ്റിയതില്‍ അധികവും. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റാണയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News