
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ആര്‍ബിഐയുടെ കരടുപദ്ധതി പ്രകാരമുള്ള നിക്ഷേപ പരിധി 10,000 കോടിയായി നിശ്ചയിച്ചുവെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.
49ശതമാനം ഓഹരി വാങ്ങണമെങ്കില്‍ 2,450 കോടി രൂപ വേണ്ടിവരും. 10,000 കോടി നിക്ഷേപമെന്നത് ഉയര്‍ന്ന മൂലധനനിക്ഷേപം വേണമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. യെസ് ബാങ്കിന്റെ പുനര്‍നിര്‍മാണത്തിനായുള്ള കരടുപദ്ധതി ബാങ്കിന് ലഭിച്ചിട്ടുണ്ട്.
ഇതില്‍ ബാങ്കിന്റെ നിയമസംഘം അവലോകനം നടത്തിക്കൊണ്ടിരിക്കുകയാണ്. പല നിക്ഷേപകരും തങ്ങളെ സമീപിച്ചിട്ടുണ്ട് . കരടിന്മേലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തിങ്കളാഴ്ച റിസര്‍വ് ബാങ്കിനെ അറിയിക്കും. അതിനുശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
പദ്ധതി നടത്തിപ്പ് എസ്ബിഐയുടെ ബാലന്‍സ് ഷീറ്റിനെ ബാധിക്കാതെയായിരിക്കും നടപ്പാക്കുക. ഒരിക്കലും ഓഹരി ഉടമകളുടെ താല്‍പ്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യെസ് ബാങ്ക് സഹ ഉടമ റാണ കപ്പൂറിന്റെ വസതിയില്‍ നടത്തിയ പരിശോധന പുനര്‍നിര്‍മാണ പദ്ധതിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് യെസ് ബാങ്കിനായി പുനര്‍നിര്‍മാണപദ്ധതി പ്രഖ്യാപിച്ചത്. യെസ് ബാങ്കിന്റെ 49ശതമാനം ഓഹരി നിക്ഷേപ സാധ്യത അന്വേഷിക്കുന്നതിന് തത്വത്തില്‍ എസ്ബിഐ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here