
വരൾച്ചയിൽ നാട് വലഞ്ഞപ്പോൾ കുടിനീർ കണ്ടെത്താനായി മുന്നിട്ടിറങ്ങി പെൺകരുത്ത്. വെള്ളം കിട്ടാക്കനിയായി മാറിയപ്പോൾ നാടിൻ്റെ ദാഹം മാറ്റാൻ കൂട്ടത്തോടെ മൺവെട്ടിയുമായി പെണ്ണുങ്ങൾ കിണർ കുഴിക്കാനിറങ്ങി. ജല സമൃദ്ധിയിലേക്ക് നാടിനെ നയിക്കുന്ന പെണ്ണുങ്ങളുടെ കഥ പാലക്കാട് പുതുപ്പരിയാരത്ത് നിന്നാണ്. വനിതാ ദിന കാഴ്ച.
മനക്കരുത്ത്, നിശ്ചയദാർഢ്യം… ഇവ രണ്ടും കൊണ്ട് ഈ പെണ്ണുകൾ നിശ്ശബ്ദരാക്കുകയാണ്. നിരുത്സാഹപ്പെടുത്തിയവരെ, നെറ്റി ചുളിച്ചവരെ, മൂക്കത്ത് വിരൽ വെച്ചവരെ. ആദ്യം മൺവെട്ടിയുമായി കിണർ കുഴിക്കാനിറങ്ങിയപ്പോൾ ഈ പെണ്ണുങ്ങൾക്കതിന് കഴിയുമോയെന്ന് പരിഹസിച്ചവരാണേറെയും.
എന്നാൽ കഠിനാഥ്വാനത്തിലൂടെ ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ജലവേരുകൾ കണ്ടെത്തി നാടിനായി അവർ തെളിനീർ കൊണ്ടു വന്നു. നൂറിലേറെ തൊഴിലുറപ്പ് തൊഴിലാളികൾ ഇപ്പോൾ പുതുപ്പരിയാരം പഞ്ചായത്തിൽ മാത്രമായി കിണർ കുഴിക്കൽ ജോലിയിലേർപ്പെട്ടിട്ടുണ്ട്. ജലസമൃദ്ധിയിലേക്ക് നാടിനെ നയിക്കുമ്പോൾ ഇവർക്ക് അഭിമാനം.
10 മീറ്റർ മുതൽ 15 മീറ്റർ വരെ ആഴമുള്ള കിണറുകളാണ് സ്ത്രീകൾ അനായാസം കുഴിക്കുന്നത്. കിണറിന് ചുറ്റും കെട്ടാൻ മാത്രമാണ് പുരുഷൻമാരുടെ സഹായം തേടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ദിവസം 271 രൂപയാണ് ഇവർക്ക് കൂലി ലഭിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കാവിൽപ്പാട് വാർഡിലാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആദ്യ കിണർ സ്ത്രീകൾ കുഴിച്ചത്. ഇപ്പോൾ പഞ്ചായത്തിലാകെ 163 കിണറുകൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകൾ പൂർത്തിയാക്കി കഴിഞ്ഞു. സ്ത്രീകളുടെ വിജയഗാഥ കണ്ട് കുടിവെള്ള പ്രശ്നം നേരിടുന്ന നിരവധി കുടുംബങ്ങൾ കിണർ കുഴിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നുണ്ട്.
“പെൺ കരുത്തിൽ ഒരുനാട് വരൾച്ചയിൽ നിന്ന് കരകയറുകയാണ്. ഇവരുടെ കരുത്തും നിശ്ചയദാർഢ്യവും ഈ വനിതാ ദിനത്തിൽ പ്രചോദനമാകട്ടെ ”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here