കേരളത്തില്‍ നടക്കുന്നത് നാളിതുവരെ കാണാത്ത വികസന മുന്നേറ്റം : മുഖ്യമന്ത്രി

ആലപ്പുഴ: നാളിതുവരെ കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്നും കുറ്റമറ്റ പരിശോധനാ സംവിധാനമുള്ള കിഫ്ബിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങളില്‍ പൊതുജന താല്‍പ്പര്യം തീരെയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

250 പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്.ആലപ്പുഴയില്‍ മാത്രം അനുമതി നല്‍കിയത് 86 പദ്ധതികള്‍ക്കാണ്. 3187കോടി രൂപ ഇവിടെ പദ്ധതികള്‍ക്കായി ചെലവിടുകയാണ്. ആലപ്പുഴയില്‍ കിഫ്ബി സംഘടിപ്പിച്ച ജില്ലാതല പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഏറെ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 241 കോടി രൂപ ചെലവില്‍ പുതിയ ജലവിതരണ സംവിധാനം കുട്ടനാട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവരുകയാണ്. 13 ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ പ്രളയ കാലത്ത് കുട്ടനാട് ഒറ്റപ്പെട്ടു. ഇത് ആവര്‍ത്തിക്കാതിരിക്കണം.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഫ്ളൈ ഓവറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് നവീകരിക്കുകയാണ്. ബണ്ടുകള്‍ ശക്തിപ്പെടുത്തല്‍, വേമ്പനാട്ടുകായല്‍ ശുദ്ധീകരണം, നാടന്‍ മത്സ്യ കൃഷി വികസനം, തോട്ടപ്പള്ളി സ്പില്‍വേയുടെ നവീകരണം എന്നിവയ്ക്ക് സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്നു.

തോട്ടപ്പള്ളി സ്പില്‍വേയുടെ വീതികൂട്ടല്‍ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. അതിന് തടസം നില്‍ക്കരുത്. അടുത്ത മഴക്കാലത്തിനു മുമ്പ് നിയമ തടസങ്ങള്‍ നീക്കി തണ്ണീര്‍മുക്കം ബണ്ടില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും.

വികസന മുന്നേറ്റങ്ങള്‍ ജനങ്ങള്‍ നേരിട്ട് അറിയുകയും മനസിലാക്കുകയും വേണം.ആലപ്പുഴ ജില്ലയെ കിഴക്കിന്റെ വെനീസ് എന്ന് അഭിമാനത്തോടെ പറയാന്‍ പ്രാപ്തമാക്കും. പൈതൃക ടൂറിസം പദ്ധതി, കനാല്‍ നവീകരണം, മൊബിലിറ്റി ഹബ്ബ്, നഗര പാതകളുടെ നവീകരണം, മ്യൂസിയ ശൃംഖലകള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം അതിവേഗം മുന്നോട്ടു പോവുന്നു.

ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണത്തിന് അടുക്കുന്നു. ഇതിനുപുറമെ രണ്ടാം ബൈപ്പാസ് അലൈന്‍മെന്റ് എടുത്തുവരുന്നു. പുതിയ കടല്‍പ്പാലം, തുറമുഖ മ്യൂസിയം എന്നിവ പൈതൃക പദ്ധതിക്ക് മാറ്റുകൂട്ടും.

കയര്‍ മ്യൂസിയവും വരികയാണ്. മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍, കായംകുളം ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്റര്‍ ഏറെ പേര്‍ക്ക് ഗുണകരമാകുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യം വരുന്നു. സ്‌കൂളുകളില്‍ ക്ലാസ് റൂമുകള്‍ ഹൈടെക്കായി. പ്രീതി കുളങ്ങര സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയവും നവീകരിക്കുന്ന ഇഎംഎസ് സ്റ്റേഡിയവും വരുന്നതോടെ ജില്ലയുടെ കായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News