യുദ്ധകാല നടപടികളുമായി ആരോഗ്യവകുപ്പ്‌; 3000 പേരെ കണ്ടെത്താൻ പത്ത്‌ സംഘം

പത്തനംതിട്ട: രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി. അങ്ങനെയുള്ളവരുടെ ആരോഗ്യനില പരിശോധിക്കും.

ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമിൽ രണ്ടുഡോക്ടർമാർ ഉൾപ്പെടെ ഏഴുപേർ ഉണ്ടാകും. രോഗികൾ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. ഈ പട്ടികയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും.

പ്രശ്‌നങ്ങളില്ലാത്തവരെ വീട്ടിൽതന്നെ നിരീക്ഷണ വിധേയമാക്കും. ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കി.

ശനിയാഴ്ച രാത്രിയാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇതിനുശേഷം ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ വകുപ്പുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി.

ഇതുവഴി ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്‌ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിച്ചു.

പത്തനംതിട്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽനിന്ന്‌ നാല് ഡോക്ടർമാർ എത്തിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ യോഗം ഞായറാഴ്ച വൈകിട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

എത്തിയത്‌ സൗഹൃദം പങ്കിടാൻ

റാന്നി: പത്തനംതിട്ടയിൽ കോവിഡ് -19 സ്ഥിരീകരിച്ച കുടുംബം തങ്ങൾ രോഗബാധിതരാണെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. മൂന്ന്‌ വർഷത്തിന്‌ ശേഷം നാട്ടിലെത്തിയതിന്റെ ആഘോഷത്തിലായിരുന്നു ഇവർ.

മധുര പലഹാരങ്ങളും സമ്മാനങ്ങളുമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചു. ആഘോഷങ്ങളിലും സൽക്കാരങ്ങളിലും പങ്കുചേർന്നു.

കോട്ടയത്തെ ചിങ്ങവനം, കുറിച്ചി എന്നിവിടങ്ങളിലെ ബന്ധുവീടുകൾ സന്ദർശിച്ചു. പുനലൂരിൽ വിവാഹത്തിൽ പങ്കെടുത്തു.

ആരാധനാലയങ്ങളിലും റാന്നിയിലെ വിവിധ ബാങ്കുകളിലും പോയി. നഗരത്തിലെ കടകൾ സന്ദർശിച്ചു. പാസ്‌പോർട്ടിന്റെ ആവശ്യത്തിനായി പത്തനംതിട്ടയിലെ എസ്‌‌പി ഓഫീസിലും ഇവർ പോയിരുന്നു.

സഹയാത്രികരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ കൈമാറി

കൊച്ചി: കോവിഡ്–19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ തിരിച്ചറിഞ്ഞു.

ഇവരുടെ വിവരങ്ങള്‍ അതത് ജില്ലാ ആരോ​ഗ്യകേന്ദ്രത്തിന്‌ കൈമാറിയതായി എറണാകുളം കലക്ടര്‍ എസ് സുഹാസ്.

യാത്രാരേഖകളിൽനിന്ന്‌ ശേഖരിച്ച മേൽവിലാസങ്ങളാണ്‌ കൈമാറിയത്‌. കഴിഞ്ഞ 29ന്‌ ഇവർ നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ 182 യാത്രക്കാരാണ്‌ ഉണ്ടായത്. ഇവര്‍ക്ക് സുരക്ഷാമുന്നറിയിപ്പ് നല്‍കിയതായും കലക്ടര്‍ അറിയിച്ചു.

സുരക്ഷ കണക്കിലെടുത്ത്‌ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍നിന്ന്‌ എത്തുന്നവരുടെ പരിശോധനയ്‌ക്കൊപ്പം കണക്ട് ഫ്ലൈറ്റുകൾവഴി വിദേശരാജ്യങ്ങളിൽനിന്ന്‌ ആഭ്യന്തര ടെർമിനലിൽ എത്തുന്നവരെയും ഇനിമുതല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും.

ഫെബ്രുവരി 29ന് രാവിലെ 8.30ന് ദോഹ–കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശികൾ നെടുമ്പാശേരിയിലെത്തിയത്. ഇറ്റലിയിൽനിന്ന് ദോഹ കണക്ഷന്‍ ഫ്ലൈറ്റിലെത്തിയ ഇവര്‍ ദോഹ വിമാനത്താവളത്തില്‍ ഒന്നരമണിക്കൂര്‍ ചെലവഴിച്ചിരുന്നു.

ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് സ്വകാര്യ വാഹനത്തിൽ പത്തനംതിട്ടയിലേക്ക് പോയി. ഇവര്‍ എയര്‍പോര്‍ട്ടില്‍ ചെലവഴിച്ച ഇടങ്ങളുടെയും ഇടപെട്ട വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. സിസിടിവി -ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വിവരശേഖരണം.

കഴിഞ്ഞ 29ന് എയര്‍പോര്‍ട്ടില്‍ ജോലിക്കുണ്ടായിരുന്നവര്‍ക്കും വിമാനത്താവളത്തിൽ എത്തിയവര്‍ക്കും എന്തെങ്കിലും രോ​ഗലക്ഷണങ്ങളുണ്ടായാല്‍ ഉടൻ മെഡിക്കല്‍ ടീമുമായി ബന്ധപ്പെടാന്‍ കലക്ടറുടെ നിര്‍ദേശമുണ്ട്.

യാത്രക്കാരും ജീവനക്കാരുമടക്കം നിരവധിപേര്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ എറണാകുളത്ത് കനത്ത ജാ​ഗ്രത പാലിക്കാന്‍ ആരോ​ഗ്യവകുപ്പിനും നിര്‍ദേശമുണ്ട്.

സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങളും ശേഖരിക്കും. സിയാല്‍ അധികൃതരുമായി കലക്ടര്‍ നടത്തിയ യോ​ഗത്തില്‍ ഫെബ്രുവരി 29ന് ജോലിക്കുണ്ടായിരുന്നവര്‍ ആരുംതന്നെ രോ​ഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് അധികൃതരുമായി കലക്ടർ അടിയന്തരയോഗം ചേർന്നു. സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, ഡിഎംഒ എം എ കുട്ടപ്പൻ, ഡെപ്യൂട്ടി ഡിഎംഒ ശ്രീദേവി, ഡെപ്യൂട്ടി എപിഎച്ച്ഒ ടെഡി, ഡോ. ഹംസകോയ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News