കൊറോണ: ഖത്തറില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്ക്

ദോഹ: കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക്ഏര്‍പ്പെടുത്തി.

വിലക്ക് ഇന്ന് (09 മാര്‍ച്ച് 2020) മുതലാണ് നിലവില്‍വരിക. ഇറ്റലിയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.

ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫിസും ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യു.എന്‍.എ)യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇന്നു മുതലാണ് യാത്രാവിലക്ക് ബാധകമാവുന്നത്. ഓണ്‍അറൈവല്‍ വിസയില്‍ എത്തുന്നവര്‍, റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍, വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍, താല്‍ക്കാലിക സന്ദര്‍ശകര്‍ എന്നിവര്‍ക്കൊക്കെ നിരോധനം ബാധകമാണ്.

ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, സൗത്ത്‌കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്റ് എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ താല്‍കാലിക യാത്രവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് വിലക്കുള്ള കാര്യം ഖത്തറിലെ ഇന്ത്യന്‍ എംബസിയും ട്വിറ്ററില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here