ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

ക്ലോറിനോ ആൽക്കഹോളിനോ കോവിഡ്‌–19നെ ഇല്ലാതാക്കാനാകില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്‌.

ശരീരത്തിൽ ക്ലോറിനോ, ആൽക്കഹോളോ സ്‌പ്രേ ചെയ്‌താൻ വൈറസിന്‌ ഒന്നും സംഭവിക്കില്ല. ഇവ വേണമെങ്കിൽ അണുനാശിനിയായി ഉപയോഗിക്കാം–ആരോഗ്യവകുപ്പ്‌ വ്യക്തമാക്കി.

വ്യാജ പ്രചാരണത്തിനായി ആൽക്കഹോൾമുതൽ സലൈൻ തുള്ളിമരുന്നുവരെ ആയുധമാവുന്ന സാഹചര്യമാണ്‌ സംസ്ഥാനത്ത്‌. ഇതുംകൂടി കണക്കിലെടുത്താണ്‌ ആരോഗ്യവകുപ്പ്‌ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്‌. ജീവൻ രക്ഷിക്കാൻ ഈ നിർദേശങ്ങൾ പാലിക്കാനും അഭ്യർഥിച്ചു.

സലൈൻ തുള്ളിമരുന്ന്‌

സ്ഥിരമായി മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന്‌ കോവിഡിനെ തടയില്ല. സാധാരണ ജലദോഷമുള്ളവർക്ക്‌ ചെറിയ രീതിയിൽ പ്രയോജനം ചെയ്യും.

തൊണ്ട നന, വെള്ളംകുടി, വെളുത്തുള്ളി

തൊണ്ട ഇടയ്‌ക്കിടെ നനയ്‌ക്കുന്നതും വെള്ളം കുടിക്കുന്നതും വൈറസ്‌ ബാധ തടയില്ല. എന്നാൽ, വെള്ളം കുടിക്കുന്നത്‌ ശരീരത്തിന്‌ നല്ലതാണ്‌. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. വെളുത്തുള്ളി കഴിക്കുന്നതുകൊണ്ടും പ്രത്യേക പ്രയോജനമില്ല.

ഹാൻഡ്‌ ഡ്രയർ

ഹാൻഡ്‌ ഡ്രയർ ഉപയോഗം വൈറസിനെ പ്രതിരോധിക്കില്ല. പ്രയോജന രഹിതമാണിത്‌. എന്നാൽ, കൈകൾ ഇടയ്‌ക്കിടെ ആൽക്കഹോൾ അംശമുള്ള ഹാൻഡ്‌വാഷ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കാം. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകാം. വൃത്തിയാക്കിയശേഷം ഡ്രയർ ഉപയോഗിച്ച്‌ ഉണക്കാം.

തെർമൽ സ്‌കാനർ ‘കോവിഡ്‌’ കണ്ടെത്തില്ല

പനിയുള്ളവരെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ കണ്ടെത്താം.ശരീരത്തിന്റെ താപനില ഉയർന്ന്‌ എന്ന്‌ മാത്രമാണ്‌ അതിലൂടെ മനസ്സിലാകുക. വൈറസ്‌ ഉള്ളിൽ എത്തിയ എല്ലാവർക്കും പനി വരണമെന്നില്ല. എല്ലാ പനികളും കോവിഡ്‌ കാരണം വരുന്നതുമല്ല.

‘വ്യാജന്മാരെ’ പൊലീസ്‌ ‘പൊക്കും’

കോവിഡ്‌ 19നെ കുറിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക്‌ എതിരെ പൊലീസ്‌. കർശന നടപടി സ്വീകരിക്കാൻ ഹൈടെക്‌ എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പൊലീസ്‌ സ്‌റ്റേഷൻ, സൈബർ സെല്ലുകൾക്ക്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നിർദേശം നൽകി.

‘കോവിഡ് 19’ന്‌ മരുന്നില്ല

കോവിഡ്‌ 19 പുതിയ വൈറസാണ്‌. പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ല. പകരം നൽകുന്നത്‌ അനുബന്ധ ചികിത്സയാണ്‌. മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19. രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് പ്രധാനം. ചികിത്സിക്കുന്നവർ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

വിളിക്കാം ഈ നമ്പറിൽ

കോവിഡ് 19 നെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും സംശയനിവാരണത്തിനും ഈ നമ്പറുകളിൽ വിളിക്കാം.
കോവിഡ്‌ കോൾ സെന്റർ–- 0471 2309250, 0471 2309251, 0471 2309252. ദിശ നമ്പർ–- 1056, 0471 2552056.

വിദേശത്തുനിന്ന്‌ എത്തിയവരെ കണ്ടെത്തും

കോവിഡ്‌ –-19 ബാധിത രാജ്യങ്ങളിൽനിന്ന്‌ മടങ്ങി എത്തിയവരെ വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആശാ വർക്കർമാരുടെയും സഹായത്തോടെ കണ്ടെത്തുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരപ്രദേശത്ത് റസിഡൻസ് അസോസിയേഷന്റെ സഹായത്തോടെയാകും നിരീക്ഷണം.

മറ്റ്‌ മെഡിക്കൽ കോളേജുകളിലും പരിശോധന

കോവിഡ്‌ രോഗബാധ സംശയിക്കുന്നവരുടെ സാമ്പിളുകൾ തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിലും പരിശോധിക്കും. കോഴിക്കോട്‌ ചൊവ്വാഴ്‌ച പരിശോധന തുടങ്ങും. തിരുവനന്തപുരത്ത്‌ ബുധനാഴ്‌ചയും. നിലവിൽ പുണെ എൻഐവിയിലാണ്‌ സാമ്പിൾ പരിശോധിക്കുന്നത്‌. വിമാനത്താവളമുള്ള കണ്ണൂർ, എറണാകുളം ജില്ലകളിലും പരിശോധനയ്‌ക്ക്‌ അനുമതി നൽകണമെന്നും ആവശ്യമുയർന്നു.

അധികാരം നൽകണം

യാത്രക്കാരുടെ വിവരം കലക്ടർമാർ ആവശ്യപ്പെട്ടാൽ ഉടൻ കൈമാറാൻ എയർപോർട്ട്‌, സീപോർട്ട്‌ അധികൃതർക്ക്‌ അധികാരം നൽകണമെന്ന്‌ സംസ്ഥാനസർക്കാർ കേന്ദ്രത്തോട്‌ അഭ്യർഥിച്ചു. നിലവിൽ അതാത്‌ സ്ഥാപനങ്ങളുടെ ഉന്നതാനുമതി ലഭിച്ചശേഷമാണ്‌ ഇവിടെയുള്ളവർക്ക്‌ വിവരം കൈമാറാൻ കഴിയുന്നത്‌. ഇത്‌ കാലതാമസത്തിനിടയാകുന്ന സാഹചര്യത്തിലാണിത്‌.

ടെസ്റ്റിങ്‌ ലാബുകളുടെ എണ്ണം വർധിപ്പിക്കാനും ശ്രമം അഭ്യർഥിച്ചു. കുവൈത്തിലും സൗദി അറേബ്യയിലും പ്രവേശിക്കാൻ കൊറോണ മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട്‌ സർക്കാർ അഭ്യർഥിച്ചു.

മാസ്ക്‌‘കൊള്ള പാടില്ല

മുഖാവരണത്തിന്റെ വില കൂട്ടുന്നതിനെതിരെ സർക്കാർ നടപടി സ്വീകരിക്കും. ലോകത്ത് വിവിധ രാജ്യങ്ങളിൽ കോവിഡ്–-19 ബാധിച്ചതിനാൽ മുഖാവരണവും അതിന്റെ അസംസ്‌കൃത വസ്തുക്കളും ലഭിക്കാൻ ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകൾ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു.

സംസ്ഥാന ദുരന്തം; ഇന്നറിയാം

കോവിഡ്‌ –-19 സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നത്‌ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്കുശേഷമാകും തീരുമാനം. നേരത്ത കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

ഹെൽപ്‌ ഡെസ്‌ക്കിൽ റിപ്പോർട്ട്‌ ചെയ്‌തെങ്കിൽ ‘പിടിക്കാമായിരുന്നു’

ഇറ്റലിയിൽനിന്ന്‌ മടങ്ങി എത്തിയ കോവിഡ്‌ ബാധിതർ വിമാനത്താവളത്തിലെ ഹെൽപ്‌ ഡെസ്‌ക്കിൽ റിപ്പോർട്ട്‌ ചെയ്‌തില്ല. ഇതേസമയം ഏറ്റവും അവസാനം കോവിഡ്‌ സ്ഥിരീകരിച്ച കുട്ടിയുടെ അമ്മ ഇവിടെ റിപ്പോർട്ട്‌ ചെയ്‌തു. ഇതാണ്‌ ഇവരെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സഹായകരമായത്‌.

വിമാനത്താവളം നിയന്ത്രിക്കുന്നത്‌ കേന്ദ്രസർക്കാരാണ്‌.

വുഹാനിൽ പ്രശ്‌നമുണ്ടായപ്പോൾ ചൈനയിൽനിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിനകത്ത്‌ പരിശോധിക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ, മാർച്ച്‌ ഒന്നിനുശേഷമാണ്‌ ഇറ്റലിയിൽ നിന്നുള്ളവരെ പരിശോധിക്കാൻ നിർദേശിച്ചത്‌. പത്തനംതിട്ടക്കാർ 29നാണ്‌ എത്തിയതെന്നും മന്ത്രി പറഞ്ഞു.

ഒമ്പതാം ക്ലാസുവരെയുള്ള പരീക്ഷകൾ മാറ്റിയേക്കും

സംസ്ഥാനത്ത്‌ ഒമ്പതാം ക്ലാസുവരെയുള്ള പരീക്ഷകൾ മാറ്റിയേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച യോഗം ചേർന്നശേഷം ഇക്കാര്യം തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News