സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 12; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊതുപരിപാടികള്‍ റദ്ദാക്കി; ഉത്സവങ്ങളും പെരുന്നാളും നിയന്ത്രിക്കും; എല്‍പി, യുപി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവധി; തീയേറ്ററുകളില്‍ പോകുന്നത് ഒഴിവാക്കണം: ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മാര്‍ച്ച് മാസത്തെ പരിപാടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടും. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകള്‍ക്കും ഇത് ബാധകമായിരിക്കും. സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. എല്ലാ കോളേജുകളും ഈ മാസം മുഴുവന്‍ അടച്ചിടും. നിരീക്ഷണത്തിലുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി, ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. സിനിമാ തീയേറ്ററുകളില്‍ പോകുന്നത് ഒഴിവാക്കണം. ആളുകൂടുന്ന വിവാഹങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈറസ് ബാധിച്ചത് 15 പേര്‍ക്കാണ്. ഇതില്‍ മൂന്നു പേര്‍ സുഖപ്പെട്ടു. നിലവില്‍ 12 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങള്‍ രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വയ്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങള്‍ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here