തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു; അതിരപ്പിള്ളിയിലേക്ക് പ്രവേശനവിലക്ക്

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ സിനിമ സംഘടനകളുടെ തീരുമാനം. സിനിമകളുടെ റിലീസും മാറ്റിവെച്ചു.

ഈ മാസം 16 വരെയാണ് തിയ്യറ്ററുകള്‍ അടച്ചിടുക.

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിയ്യറ്ററുകളുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഫെഫ്ക്ക, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയ്യറ്റര്‍ ഉടകള്‍ എന്നിവരുടെ ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഈ മാസം 16 വരെ സംസ്ഥാനത്തെ തിയ്യറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി യോഗത്തിനു ശേഷം ഭാരവാഹികള്‍ പറഞ്ഞു. 16ന് റിവ്യൂ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമെ തിയ്യറ്ററുകള്‍ എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തില്‍ സാഹചര്യം അനുസരിച്ച് സംവിധായകര്‍ തീരുമാനം എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിയ്യറ്ററുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പത്തനംതിട്ടയിലും കോട്ടയത്തുമൊക്കെ ഇതിനകം തിയ്യറ്ററുകള്‍ അടഞ്ഞുകിടക്കുകയാണെന്നും സിനിമാ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു.

കോന്നി ആനക്കൊട്ടില്‍, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവയാണ് അടച്ചത്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം, ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News