കൊറോണ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

കൊറോണ രോഗ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെര്മിനലുകളിൽ കൂടുതൽ ഹെൽപ്പ് ഡെസ്കുകളും ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 2 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3 ആയി.

ആഭ്യന്തര അന്താരാഷ്‌ട്ര ടെര്മിനലുകളിലൂടെ എത്തുന്ന യാത്രക്കാരെ സ്‌ക്രീനിംഗ് നടത്താൻ 12 ഡോക്ടർമാർ, 12 നഴ്‌സുമാർ എന്നിവർ ഉൾപ്പെട്ട വലിയൊരു ആരോഗ്യ പ്രവർത്തകരുടെ സംഘം വിമാനത്താവളത്തിലുണ്ട്. വിവരങ്ങൾ എഴുതി വാങ്ങുന്നതിന് പുറമെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടക്കുന്ന കവാടത്തിൽ വെച്ച് വിവരങ്ങൾ ചോദിച്ചും ഇനി മുതൽ ഉറപ്പ് വരുത്തും.

ജില്ലയിൽ ഇന്ന് പുതുതായി 2 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3 ആയി. ഇതില്‍ രണ്ട് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛനും അമ്മയുമാണ്. രോഗം സ്ഥിരീകരിച്ച മൂന്നു വയസുകാരന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലാകെ 247 പേര്‍ വീടുകളിലും 23 പേര്‍ ഐസോലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിൽ ഉണ്ട്. ഇവരിൽ ആർക്കെങ്കിലും കൊറോണ രോഗലക്ഷണം കണ്ടെത്തിയാൽ ഫോൺ വഴി ആദ്യം സമീപത്തെ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ 108 ആമ്പുലൻസുകളുടെ എണ്ണം വർധിപ്പിക്കാനും കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മാസ്കുകൾ ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയ്ക്ക് വില കൂട്ടി വിൽക്കുകയോ പൂഴ്ത്തി വെക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന നടപടികൾക്ക് പുറമെ സ്‌ക്വഡുകളായും കടകളിൽ പരിശോധന നടത്തും.

വിവാഹം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്സവങ്ങൾ എന്നിങ്ങനെ ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ആണ് ജില്ലാ ഭരണകൂടം പിന്തുടരുന്നത്. രോഗത്തെ കുറിച്ച് ജില്ലയിൽ പതിനെട്ടായിരത്തിലധികം ആളുകൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here