ഇറാനില്‍ കോവിഡ് 19 ബാധിച്ച് 291 മരണം; കര്‍ശന നടപടികളുമായി ഗള്‍ഫ്

ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 291 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 8,042 പേര്‍ക്ക് രോഗം ബാധിച്ചു. 2,731 പേര്‍ക്ക് രോഗം ഭേദമായി. സൗദിയിലും യുഎഇയിലും അഞ്ചു പുതിയ കൊറോണ കേസുകള്‍ വീതം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതര്‍ യുഎഇയില്‍ 74 ഉം സൗദിയില്‍ 20 ഉം ആയി ഉയര്‍ന്നു. യുഎഇയില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി.


അതിനിടെ, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നിവടങ്ങളിലുള്ള എല്ലാ പൗരന്‍മാരോടും 72 മണിക്കൂറിനകം തിരിച്ചുവരാന്‍ സൗദി ആവശ്യപ്പെട്ടു. പ്രതിരോധ നടപടികളുടെ ഭാഗഗമായി കുവൈത്ത് വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തി. തൊഴില്‍ വിസ, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ വിസ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്.

22 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ബഹ്‌റൈനില്‍ കൊറോണ കേസുകള്‍ 88 ആയി കുറഞ്ഞു. 115 പേരെ നിര്കഷണത്തില്‍നിന്ന് ഒഴിവാക്കി. ട്രെയിനി ഡോക്ടര്‍ക്ക് കോവിഡ്-19 കണ്ടെത്തിയതിനെ തുടര്‍ന്ന ബഹ്റൈനിലെ പ്രധാന ആശുപത്രിയായ സല്‍മാനിയാ മെഡിക്കല്‍ കോംപ്ലക്സിലെ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം അടച്ചുപൂട്ടിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ രണ്ട് കോഫി ഷോപ്പുകള്‍ അടപ്പിച്ചു. ഇറാനില്‍ കുടുങ്ങിയ ബഹ്‌റൈനികളില്‍ ആദ്യ ഘട്ടം തീര്‍ഥാടകരെ ചൊവ്വാഴ്ച തിരിച്ചു കൊണ്ടുവന്നു.

കുവൈത്തില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരികരിച്ചു. ഇതോടെ കൊറോണബാധിതര്‍ 67 ആയി. അഞ്ചു ലക്ഷം യാത്രക്കാരെ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പരിശോധന നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. 2,032 പേര്‍ വീടുകളിലും 468 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സ്ഥിരീകരിച്ച 20 കൊറോണ വൈറസ് കേസുകളില്‍ അമേരിക്കന്‍ പൗരന്‍ ഗുരുതരാവസ്ഥിലാണെന്ന് വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദി ഇരു ഹറമുകളിലടക്കം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. മക്കയിലും മദീനയിലും ഹറമുകളില്‍ വിദേശത്തുനിന്നെത്തിയ തീര്‍ഥാടകരുടെ പ്രവേശനം നിയന്ത്രിച്ചു. ഇരു ഹറമുകളിലും അണുനശീകരണ,ശുചീകരണ നടപടികള്‍ തുടരുകയാണ്. കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി അഞ്ചു രാജ്യങ്ങള്‍ക്കും സൗദി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. തുര്‍ക്കി, ഒമാന്‍, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ളയാത്രക്കാണ് വിലക്ക്.

നേരത്തെ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനണ്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കയിരുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്ന് സൗദിയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ദുബായ് വിമാനതാവളത്തില്‍നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ മടങ്ങാന്‍ എംബസി നിര്‍ദേശിച്ചു. കരമാര്‍ഗമാണെങ്കില്‍ അല്‍ ബത്ഹ ക്രോസിംഗ് വഴി യാത്ര ചെയ്യാം.ഈജിപ്തിലുള്ള സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ രണ്ട് ദിവസമാണ് അനുവദിച്ചത്.

രാജ്യത്തെ കഫേകളിലും റെസ്റ്റോറന്റുകളിലും ഷിഷയും പുകയിലയും നല്‍കുന്നത് സൗദി അധികൃതര്‍ നിരോധിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് സൗദിയുടെ ആദ്യഘട്ട സഹായമായി പത്ത് ദശലക്ഷം ഡോളര്‍ നല്‍കി. നൂറ് കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

കൊറോണ പടരുന്ന പാശ്ചാത്തലത്തില്‍ രാഷ്ട്രീയ തടവുകാരടക്കം രാജ്യത്തെ എല്ലാ തടവുകാരെയും താല്‍ക്കാലികമായി വിട്ടയക്കാന്‍ യുഎന്‍ മനുഷ്യാവകാശ വിഭാഗം ഇറാനോട് ആവശ്യപ്പെട്ടു. കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടിയെ സൗദി മന്ത്രിസഭ അപലപിച്ചു. ഇറാന്‍ നടപടി ആരോഗ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയും കോവിഡ്-19 നെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെലമാക്കുകയും ചെയ്തതായി മന്ത്രിസഭ അറിയിച്ചു. ഇതിന്റെ ഉത്തരവാദിത്വം ഇറാനാണെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News