ഭീകരപ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാൻ ഇനി അർബൻ കമാൻഡോകൾ

നഗരപ്രദേശങ്ങളിലെ ഭീകരപ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാൻ പ്രധാന കേന്ദ്രങ്ങളിൽ അർബൻ കമാൻഡോകൾ ഉടൻ. നാലുറെയ്ഞ്ചുകളിൽ നിലവിലുള്ള ‘ക്വിക്ക് റെസ്പോൺസ്’ ടീമിനെ ഇതിനായി നിയോഗിക്കും. ആദ്യഘട്ടത്തിൽ സംഘത്തിൽ 120 കമാൻഡോ ഉണ്ടാകും. ഇതുവരെ ക്രമസമാധാനപാലനത്തിന് മാത്രമാണ് കമാൻഡോകളെ നിയോഗിച്ചിരുന്നത്.

രാജ്യത്ത്‌ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടുവരുന്നതായി റിപ്പോർട്ടുണ്ട്‌. സ്ലീപ്പിങ്‌ സെല്ലുകളും പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ആക്രമണത്തിനും സാധ്യതയുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ ലോക്കൽ പൊലീസിനുമാത്രം ആക്രമണം തടയാനാകില്ല. അതിനാലാണ്‌ റേഞ്ച്‌ ഐജിമാർക്ക്‌ കീഴിൽ അർബൻ കമാൻഡോ വിഭാഗം രൂപീകരിക്കുന്നത്‌. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിലാകും ആദ്യം ഇവരുടെ കേന്ദ്രം. പിന്നീട്‌ ചില പ്രധാന ബറ്റാലിയനുകളിലും ഈ കമാൻഡോ സംഘത്തെ നിയോഗിക്കും. വനിതാ കമാൻഡോകളും സംഘത്തിലുണ്ടാകുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. ഇതോടൊപ്പം പ്രത്യേക ഇന്റലിജൻസ്‌ സംവിധാനവും ഏർപ്പെടുത്തും.

മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള പശ്‌ചിമഘട്ട വനമേഖലയോടുചേർന്ന പൊലീസ്‌ സ്‌റ്റേഷനുകളിൽ നേരത്തെതന്നെ ആന്റി നക്‌സൽ ഫോഴ്‌സ്‌(എഎൻഎഫ്‌) ഉണ്ട്‌. അതിനാൽ ഈ പ്രദേശങ്ങളിലേക്ക്‌ അർബൻ കമാൻഡോയുടെ സേവനം ആവശ്യം വരില്ല. പാലക്കാട്‌ മുതൽ വയനാട്‌ വരെയുള്ള അഞ്ച്‌ ജില്ലയിലെ വനത്തോട്‌ ചേർന്ന പൊലീസ് സ്‌റ്റേഷനുകളിലാണ്‌ എഎൻഎഫുള്ളത്‌. ഇവിടെ പ്രത്യേക ഇന്റലിജൻസ്‌ സംവിധാനവുമുണ്ട്‌.

സുരക്ഷയും ക്രമസമാധാനപാലനവും ശക്തിപ്പെടുത്താൻ ഒട്ടേറെ നടപടികൾ ആഭ്യന്തര വകുപ്പ്‌ സ്വീകരിച്ചുവരിയാണ്‌. സ്‌ത്രീ സുരക്ഷയ്‌ക്കായി വനിതാ ബറ്റാലിയനും വനിതാ കമാൻഡോയും രൂപീകരിച്ചു. സിബിഐയെ വെല്ലുന്ന അന്വേഷണസംവിധാനത്തിനായി ക്രൈംബ്രാഞ്ചിന്‌ ഡയറക്ടറേറ്റ്‌ രൂപീകരിച്ചു.

സംസ്ഥാനത്ത് എവിടെനിന്നും ഫോണിൽ ബന്ധപ്പെട്ട് പരാതികൾ അറിയിക്കാനുള്ള ഏകീകൃത സംവിധാനമാണ്‌ എമർജൻസി റെസ്പോൺസ് സപ്പോർട്ട്‌ സിസ്റ്റം (ഇആർഎസ്എസ്). ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ, സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്‌ തടയാൻ ഇന്റർപോളിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഓപ്പറേഷൻ പി- ഹണ്ട് തുടങ്ങിയവയും പൊലീസിൽ അടുത്തകാലത്ത്‌ നടപ്പാക്കിയ സ്‌മാർട്‌ പദ്ധതിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News