പക്ഷിപ്പനി; പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത് 6026 പക്ഷികളെ. വേങ്ങേരിയാണ് റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ ഇന്നത്തെ പ്രവർത്തനം നടക്കുക. ജനപ്രതിനിധികളും പോലീസും ഇവരെ സഹായിക്കും.

പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാനായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന ആദ്യഘട്ട പ്രവർത്തനം ഇന്ന് വൈകീട്ടോടെ പൂർത്തിയാക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളടക്കമുള്ള വളർത്ത് പക്ഷികളെയാണ് കൊന്ന് കത്തിച്ച് നശിപ്പിക്കുന്നത്.

ചൊവ്വാഴ്ച മാത്രം 1266 വളർത്തു പക്ഷികളെ ഇത്തരത്തിൽ നശിപ്പിച്ചു. 3 ദിവസങ്ങളിലായി നടന്നു വരുന്ന പ്രവർത്തനത്തിലൂടെ 6026 വളർത്തു പക്ഷികളെയാണ് റാപ്പിഡ് റെസ്പോൺസ് ടീം കൊന്നൊടുക്കിയത്.

രോഗം കണ്ടെത്തിയ ചാത്തമംഗലം, കൊടിയത്തൂർ എന്നിവിടങ്ങളിലെ പ്രവർത്തനം പൂർത്തിയായി. വേങ്ങേരിയിൽ ബാക്കിയുള്ളവയെ ഇന്ന് വൈകീട്ടോടെ കൊന്ന് കത്തിച്ച് കളയും. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. രണ്ടാം ഘട്ടത്തിൽ 10 കിലോമീറ്റർ ചുറ്റളവിലെ വിവിധ സാമ്പിളുകൾ പരിശോധനക്ക് അയക്കും.

രണ്ടാഴ്ച ഇടവിട്ട് ശേഖരിക്കുന്ന സാമ്പിളുകൾ എല്ലാം നെഗറ്റീവ് ആകുന്നത് വരെ ഇത് തുടരും. ചൂട് കൂടിയത് കാരണം ചിലയിടങ്ങളിൽ കോഴികൾ ചാവുന്നതായി വിവരമുണ്ട്.

ഇവയുടെ സാമ്പിളുകളും പരിശോധനക്ക് അയക്കാനാണ് തീരുമാനം. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളോട് ചേർന്ന 10 കിലോമീറ്റർ ചുറ്റളവിലെ കോഴിക്കടകൾ അടച്ചിട്ടിരിക്കുകയാണ്. കോഴികളുമായി വരുന്ന വാഹനങ്ങൾ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News