കൊറോണ; 101 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിൽ രോഗബാധിതർ 56; ഇറ്റലിയിൽ മരണം 600 കടന്നു

മംഗോളിയയിലും ഒരാൾക്ക്‌ കോവിഡ്‌–19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്‌–19 ബാധയെത്തുടർന്ന്‌ ലെബനനിലും ക്യാനഡയിലും ചൊവ്വാഴ്‌ച ആദ്യമരണം റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ ഈ രോഗംമൂലം മരണമുണ്ടായ രാജ്യങ്ങളുടെ എണ്ണം 21 ആയി.


ക്യാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യയിൽ വയോജനകേന്ദ്രത്തിൽ താമസിച്ചയാളാണ്‌ മരിച്ചത്‌. ഈജിപ്തിൽനിന്ന്‌ തിരിച്ചെത്തിയ അമ്പത്താറുകാരനാണ്‌ ലെബനനിൽ മരിച്ചത്‌. ചൈനയിൽ മരണസംഖ്യ 3119 ആയി. 17 പേർ മാത്രമാണ്‌ കഴിഞ്ഞദിവസം മരിച്ചത്‌. ഇറ്റലിയിലും ഇറാനിലും മരണസംഖ്യ വല്ലാതെ പെരുകുമ്പോഴാണിത്‌. ഇറാനിൽ 54 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 291 ആയി.

അമേരിക്കയിൽ മരണസംഖ്യ 26 ആയി. 566 പേർക്ക്‌ രോഗമുണ്ട്‌. ഫ്രാൻസിൽ 30 പേരും സ്‌പെയിനിൽ 28 പേരും മരിച്ചു. ഫ്രാൻസിൽ സാംസ്‌കാരികമന്ത്രിയും രോഗബാധിതനായി. ദക്ഷിണ കൊറിയയിൽ 53 പേർ ഇതുവരെ മരിച്ചിട്ടുണ്ട്‌. ജപ്പാനിൽ 15 പേരാണ്‌ മരിച്ചത്‌. ലോകത്താകെ 1.15 ലക്ഷത്തോളമാളുകൾക്കാണ്‌ രോഗം ബാധിച്ചത്‌. ഇതിൽ 93 ശതമാനവും നാല്‌ രാജ്യങ്ങളിലായാണ്‌.

ഇന്ത്യയിൽ 56 പേർക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു. കർണാടകയിൽ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. മ്യാൻമറുമായുള്ള അതിർത്തി മണിപ്പുർ അടച്ചു. മ്യാൻമർ, ബംഗ്ലാദേശ്‌ അതിർത്തികൾ മിസോറം തിങ്കളാഴ്‌ച അടച്ചു.

ഇറ്റലിയിൽ മരണസംഖ്യ 600 കടന്നു. ചൊവ്വാഴ്‌ച വൈകിട്ട്‌ പുറത്തുവിട്ട കണക്കനുസരിച്ച്‌ രോഗികളുടെ എണ്ണം പതിനായിരത്തോളമായി. ചൈനയ്‌ക്ക്‌ പുറത്ത്‌ ഏറ്റവുമധികം രോഗികൾ ഇറ്റലിയിലാണ്‌. ഞായറാഴ്‌ച 133 പേരും തിങ്കളാഴ്‌ച 97 പേരും മരിച്ചു. അഞ്ച്‌ ശതമാനത്തിന്‌ മുകളിലാണ്‌ മരണനിരക്ക്‌. ചൈനയിൽ 3.5, ഇറാനിൽ 3.6 എന്നിങ്ങനെയാണ്‌ മരണനിരക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News