ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി തട്ടകത്തിലേക്ക് മാറി.ബിജെപിയുടെ രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായൊക്കെ ഇനി അദ്ദേഹത്തെ കാണാം.ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെട്ട സിന്ധ്യയുടെ കൂറുമാറ്റത്തിന്റെ കാരണമന്വേഷിക്കുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ.ഗ്വോളിയോര്‍ രാജകുടുംബമാകട്ടെ ആ മേഖലയിലാകെ പടര്‍ന്നു കിടക്കുന്ന ശക്തിയും.എന്നിട്ടുമെന്തേ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത്?

ഈ കാരണമന്വേഷിച്ചു പോകുമ്പോഴാണ് കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല എന്നും രാഹുലും സോണിയയും നേതാക്കളല്ല എന്നും വ്യക്തമാകുന്നത്.

22 മുതല്‍ 25വരെ മന്ത്രിമാരടങ്ങുന്ന എംഎല്‍എമാര്‍ രാജീവെച്ച് ബിജെപിയിലേക്ക് സിന്ധ്യയുടെ കൂടെ നീങ്ങുകയാണ്.ഇതിന് കാരണം കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെയാണ്.കോണ്‍ഗ്രസിന് ബിജെപിയുടെ ബി ടീം എന്ന് വിളിച്ചവരെ തെറി പറഞ്ഞവര്‍ക്ക് ഇനി വായടയ്ക്കാം.ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ ചേരുന്നതില്‍ നിന്ന് തടയാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ തടയാന്‍ ആര്‍ക്കാവും?

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ സിന്ധ്യയെ തളയ്ക്കാന്‍ ബിജെപിയേക്കാള്‍ ശ്രമിച്ചത് കോണ്‍ഗ്രസ് തന്നെയാണ്.മുഖ്യമന്ത്രിയ്ക്ക് തന്നെ സംസ്ഥാന അധ്യക്ഷ പദവി നല്‍കി ഹൈക്കമാണ്ട് ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കമല്‍നാഥും ദിഗ്വിജയ സിംഗും ഇടവും വലവും നിന്ന് യുവകേസരിയെ പൂട്ടി.പ്രത്യാശയോടെ ദില്ലിയിലേക്ക് നോക്കിയ വലംകൈയ്യിനെ രാഹുല്‍ ഗൗനിച്ചതുമില്ല.

സോണിയക്കയച്ച രാജിക്കത്തില്‍ സിന്ധ്യ ഇങ്ങനെ എഴുതി,’ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല.കഴിഞ്ഞ ഒരു വര്‍ഷമായി പാതയൊരുങ്ങുന്നു.’

ഈ വഴിയൊരുങ്ങുന്നത് കൃത്യമായി പറഞ്ഞാല്‍ 14 മാസം മുമ്പാണ്.മധ്യപ്രദേശ് തെരഞ്ഞെടുപ്പിനും മുമ്പ്.ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിക്ക് പ്രിയപ്പെട്ടവനാകുന്നു.മധ്യപ്രദേശില്‍ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ സിന്ധ്യ തന്നെ മുഖ്യമന്ത്രിയെന്ന് രാഹുല്‍ ഉറപ്പുനല്‍കുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധ്യ തഴയപ്പെട്ടു,കമല്‍നാഥിനെ സോണിയ തെരഞ്ഞെടുത്തു.അതിന് കാരണമായി പല യുവ കോണ്‍ഗ്രസ് നേതാക്കളും കരുതിയത് രാഹുലല്ലാതെ ഒരു യുവ നേതാവും വളരേണ്ട എന്ന സോണിയ ഗാന്ധിയുടെ തീരുമാനവും.

മറ്റൊരു ഉദാഹരണം കൂടി.2017ന് ശേഷം ലോകസഭ ഉപനേതാവ് സ്ഥാനം സോണിയ ഒഴിച്ചിട്ടത് രണ്ടു കൊല്ലക്കാലമാണ്.സിന്ധ്യയെ പോലുളളവര്‍ ആ സ്ഥാനം ആഗ്രഹിച്ചിട്ടും.

2018 ഡിസംബറില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും രാഹുല്‍ ഗാന്ധി സിന്ധ്യയ്ക്ക് ഒരു വാഗ്ദാനം നല്‍കി.കമല്‍നാഥിന് കീഴില്‍ ഉപമുഖ്യമന്ത്രിയാക്കാം എന്ന്.ആ ആവശ്യം സിന്ധ്യ നിരാകരിച്ചു.പകരം തന്റെ അനുയായികളിലൊരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.എന്നാല്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചില്ല.സിന്ധ്യയുടെ ഉപമുഖ്യമന്ത്രി വന്നാല്‍ കമല്‍നാഥിന്റെ ഉപമുഖ്യമന്ത്രിയും വേണമത്രെ.

കമല്‍നാഥിനെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ഹൈക്കമാണ്ട് ചെയ്തു.പാര്‍ട്ടിയ്ക്ക് യാതൊരു അടിത്തറയുമില്ലാത്ത ഉത്തര്‍പ്രദേശിലേക്ക് സംഘടനാ പ്രവര്‍ത്തനത്തിന് സിന്ധ്യയെ അയച്ചു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ അതിദാരുണമായി കോണ്‍ഗ്രസ് ഇന്ത്യയിലും മധ്യപ്രദേശിലും പരാജയപ്പെട്ടു.സിന്ധ്യ രാജിവെച്ചു.എന്നാല്‍ നിരാശനായ സിന്ധ്യയെ സമാധാനിപ്പിക്കാന്‍ പോലും ഹൈക്കമാണ്ട് തയ്യാറായില്ല.പകരം വീണ്ടും വേദനിപ്പിച്ചു.അദ്ദേഹത്തോട് ഒരു വാക്കു പോലും ചോദിക്കാതെ അദ്ദേഹത്തിന്റെ ഉത്തര്‍പ്രദേശിലെ ചുമതല കൂടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഏല്‍പ്പിച്ചു.

ബിജെപി തക്കംപാര്‍ത്തിരിക്കുകയായിരുന്നു.യുവനേതാക്കളെ വലവീശാന്‍ ബിജെപി തീരുമാനിച്ചു.ടാര്‍ഗറ്റ് ഒന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകും.കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇനിയും താഴെ വീഴും.കാരണം ഇതൊക്കെ തടയാന്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയുമില്ല,സോണിയ ഗാന്ധി എന്ന നേതാവുമില്ല രാഹുല്‍ ഗാന്ധി എന്ന യുവരാജാവുമില്ല.ഒരാള്‍ക്കൂട്ടം മാത്രമാണിന്ന് കോണ്‍ഗ്രസ്.അതാകട്ടെ ചുരുങ്ങി ചുരുങ്ങി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News