വലന്‍സിയ തകര്‍ന്നപ്പോള്‍ ഒഴിഞ്ഞ ഗ്യാലറിയില്‍ ഹൃദയം നുറുങ്ങി വിന്‍സെന്റ് നവാരോ

ഫുട്ബോള്‍ എന്നും ജനപ്രീതി പിടിച്ചു പറ്റിയ മത്സരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. യുവേഫാ ചാമ്പ്യന്‍സ് പതിനാറാം റൗണ്ടിലെ രണ്ടാം പാദ മത്സരം നടന്നത് ആളൊഴിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയാണ്. മെസ്റ്റെല്ല എന്ന സ്‌പെയിനിലെ വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ കൊറോണ ഭീതിയെ തുടര്‍ന്നാണ് കാണികളെ അനുവദിക്കാതെ ഇരുന്നത്. ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് വലന്‍സിയ ആറ്ലാന്‍ഡയോട് തോറ്റത്.

രണ്ടാം പാദ മത്സരത്തിലും മൂന്നിന് എതിരെ നാല് ഗോളുകള്‍ക്ക് സന്ദര്‍ശകര്‍ വലന്‍സിയയെ കീഴ്പ്പെടുത്തി. ഇതോടെ ആകെ ഗോള്‍ നില അനുസരിച്ചു വലന്‍സിയ നാലും അറ്റ്‌ലാന്‍ഡ എട്ടും ഗോളുകള്‍ അടിച്ചു. മത്സരം വലന്‍സിയ തൊട്ടപ്പോള്‍ കണ്ണീരൊഴുക്കാന്‍ അവരുടെ സ്വന്തം മൈതാനത്തെ പതിവ് കാണികളില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വലന്‍സിയയുടെ എക്കാലത്തെയും പ്രിയ ആരാധകന്‍ വിന്‍സെന്റ് നൊവാരോയുടെ പ്രതിമ…

വലന്‍സിയയുടെ എല്ലാ മത്സരങ്ങള്‍ക്കും കാണിയായി എത്തിയിരുന്ന വിന്‍സെന്റ് നൊവാരോ അന്ധനാണ്. കളിയുടെ ആരവവും ആവേശവും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന നൊവാരോ വലന്‍സിയയുടെ എല്ലാ മത്സരങ്ങളും കാണുന്നതിനായി സീസണല്‍ ടിക്കറ്റും സ്വന്തമാക്കിയിരുന്നു. സ്റ്റേഡിയത്തിലെ ട്രിബിയോണാ സെന്‍ട്രല്‍ സെക്ഷനില്‍ പതിനഞ്ചാം നിരയിലെ നൂറ്റി അറുപത്തിനാലാം നമ്പര്‍ സീറ്റ് എന്നും നൊവാരോയ്ക്ക് അവകാശപ്പെട്ടതായിരുന്നു.

അമ്പത്തിനാലാം വയസിലാണ് നൊവാരോയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാല്‍ നൊവാരോയുടെ അന്ധത വലന്‍സിയയോട് ഉള്ള അദ്ദേഹത്തിന്റെ ആരാധനയും സ്‌നേഹവും കുറച്ചില്ല. കാഴ്ച നഷ്ടപ്പെട്ട ശേഷവും മത്സരങ്ങള്‍ നടക്കുമ്പോള്‍ നൊവാരോ മകനൊപ്പം മെസ്റ്റെല്ല സ്റ്റേഡിയത്തില്‍ എത്താറുണ്ടായിരുന്നു. വലന്‍സിയയുടെ പ്രിയ ആരാധകന്റെ വേര്‍പ്പാടു വലന്‍സിയയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞ ഒന്നല്ലായിരുന്നു.

നാല്‍പ്പത് വര്ഷം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ നൊവാരോയ്ക്ക് 2019ല് സ്റ്റേഡിയത്തില്‍ സ്ഥിരം ഇരിപ്പിടം ഒരുക്കിയാണ് വലന്‍സിയ പ്രിയ സ്‌നേഹം ലോകത്തെ അറിയിച്ചത്. അതും നൊവാരോ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന സെന്‍ട്രല്‍ സെക്ഷനില്‍ പതിനഞ്ചാം നിരയിലെ നൂറ്റി അറുപത്തിനാലാം നമ്പര്‍ സീറ്റിന്റെ അതെ സ്ഥാനത്തു.

മരണശേഷവും ഒരു മത്സരം പോലും തങ്ങളുടെ പ്രിയ ആരാധകനു നഷ്ടമാകരുത് എന്ന വലന്‍സിയയുടെ ആഗ്രഹം നൊവാരോ ഇന്നലെയും നിറവേറ്റി. അറ്ലാന്‍ഡയ്ക്ക് മുന്‍പില്‍ വലന്‍സിയ തകര്‍ന്നപ്പോള്‍ നൊവാരോ സങ്കടപ്പെട്ടിട്ടുണ്ടാകും. മത്സര ശേഷം നൊവാരോയുടെ ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അല്‍കൗണ്ടില്‍ പങ്കു വെച്ച് വലന്‍സിയ ഇങ്ങനെ എഴുതി ‘ ഒരു മത്സരവും ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നടക്കാറില്ല’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News