ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ നില തൃപ്തികരം

ഖത്തറില്‍ 238 പ്രവാസികള്‍ക്കു കൂടി കൊറോണ വൈറസ് (കോവിഡ്19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ എണ്ണം 262 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് ഖത്തറില്‍ ഒറ്റദിവസത്തിനുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടാകുന്നത്. വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മൂന്നു പ്രവാസികളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അവരുമായി ഒരേ വാസസ്ഥലം പങ്കിടുന്ന പ്രവാസികളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

പുതിയതായി സ്ഥിരീകരിക്കപ്പെട്ടവര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.രോഗബാധിതരായവരെ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സാംക്രമിക രോഗ കേന്ദ്രത്തില്‍ ചികിത്സയിലാണ് എല്ലാവരും.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധിക്കുന്നുണ്ട്. എല്ലാവരും ആരോഗ്യവാന്‍മാരാണെന്നും അവര്‍ക്ക് അണുബാധയുണ്ടായിട്ടില്ലെന്നും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് പൊതുജനാരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് മൂന്നു പ്രവാസികളില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത ദിവസം മൂന്നു പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഈ ആറുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരില്‍ ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

അതിന്റെ തൊട്ടുപിന്നാലെയാണ് ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായത്. നേരത്തെ ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച ഖത്തരി സ്വദേശികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരിലും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ ഒട്ടേറെപ്പേരെ ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റിയിരുന്നു.

വൈറസിനെ പ്രതിരോധിക്കുന്നതിനായി സാമൂഹിക ഒത്തുചേരല്‍ പരിമിതപ്പെടുത്തുന്നതിനും പ്രതിരോധ നടപടിയായി നല്ല ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയും വൈറസ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News