ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ പ്രവാസികള്‍; തിരിച്ചുപോകാനാവാതെ ഇരുപതിനായിരത്തോളം പേര്‍

മലപ്പുറം: കോവിഡ്‌ 19 ഭീതിയിൽ യുഎഇ, കുവൈത്ത്‌, ഖത്തർ, ഒമാൻ എന്നീ ഗൾഫ്‌ നാടുകളിലേക്കുള്ള വിമാന സർവീസ്‌ റദ്ദാക്കൽ തുടരുന്നത്‌ പ്രവാസികളുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്നു.

ഗൾഫിലെ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ്‌ നാട്ടിൽ അവധിക്ക്‌ എത്തിയ പ്രവാസികൾ. മലബാറിൽ 20,000ത്തോളം പേരാണ്‌ രിച്ചുപോകാനാകാതെ പ്രയാസപ്പെടുന്നത്‌.

ഇതിൽ ഭൂരിഭാഗം പേർക്കും ഇനി ജോലിയിൽ പ്രവേശിക്കാനാവുമോ എന്ന്‌ ഉറപ്പില്ല. വിസയുടെ കാലാവധിയും ജോലിക്ക് അനുവദിച്ച അവധിയും തീരുന്നവർ ഇക്കൂട്ടത്തിലുണ്ട്.

വിസ കാലാവധി കഴിഞ്ഞവർക്ക്‌ പുതിയത്‌ സംഘടിപ്പിക്കാനും കടമ്പകളേറെ. പ്രവാസികളുടെ വരുമാനം നിലയ്‌ക്കുന്നത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെയും ഗുരുതരമായി ബാധിക്കും.

നാട്ടിൽ വരാനാകാതെ ആയിരങ്ങൾ

ഗൾഫ്‌ അടക്കം വിദേശങ്ങളിൽ കഴിയുന്ന ആയിരങ്ങൾക്ക്‌ നാട്ടിലേക്ക്‌ വരാൻ കഴിയുന്നില്ല. സ്‌കൂളുകളും കോളേജുകളും പൂട്ടുന്ന സമയം നോക്കി പലരും അവധിയെടുത്ത്‌ കാത്തിരിപ്പാണ്‌.

വിമാന സർവീസ്‌ നിലച്ചതിനാൽ ഇവരുടെ വരവും അനിശ്ചിതത്വത്തിലായി. നാട്ടിലെത്തിയാൽ നിരീക്ഷണം വേണ്ടതിനാൽ വിദേശത്തുതന്നെ കഴിയുന്നവരും നിരവധിയാണ്‌.

ചൈനയിലെ ജോലിയും പോയി

ചൈനയിൽ വിവിധ കമ്പനികളിൽ ജോലിയുള്ള 1500ഓളം പേർ തിരിച്ചുപോകാനാകാതെ നാട്ടിൽ കഴിയുന്നുണ്ട്‌. ഡിസംബറിലാണ്‌ ചൈനയിലെ വുഹാനിൽ കൊറോണ ആദ്യം റിപ്പോർട്ട്‌ ചെയ്‌തത്‌.

ആ സമയത്ത്‌ അവധിക്ക്‌ നാട്ടിലെത്തിയവർക്കാണ്‌ ജോലി ഇല്ലാതായത്‌. കമ്പനികൾ തുറന്നാൽ ജോലി കിട്ടുമോ എന്നും ഉറപ്പില്ല.

കണ്ണൂർ വിമാനത്താവളത്തിൽ കുവൈത്ത്‌, ദോഹ, റിയാദ്‌ യാത്ര നിർത്തി

കണ്ണൂർ വിമാനത്താവളത്തിൽ കുവൈത്ത്‌, ദോഹ, റിയാദ്‌ സർവീസുകൾ നിർത്തി. ഇതുമൂലം പ്രതിദിനം 1080 രാജ്യാന്തര യാത്രക്കാർ കുറഞ്ഞു. ആഭ്യന്തര സർവീസുകളെ വലിയ തോതിൽ ബാധിച്ചിട്ടില്ല.

എന്നാൽ, വിവിധ ടൂർ ഓപ്പറേറ്റർമാർ അവധിദിന ടൂർ പാക്കേജുകൾ നിർത്തിത്തുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകും.

പ്രവാസികളുടെ തൊഴിൽ നഷ്ടമാകാതിരിക്കാൻ ഇടപെടും: മുഖ്യമന്ത്രി

കോവിഡ് –-19 രോഗബാധയെ തുടർന്ന് പ്രവാസികളും കടുത്ത പ്രതിസന്ധിയിലാണെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കിയതുമൂലം അവധി കഴിഞ്ഞവർക്ക്‌ ഗൾഫ് രാജ്യങ്ങളിലേക്ക് തിരികെ പോകാനാകുന്നില്ല.

പുതിയ തൊഴിൽവിസ ലഭിച്ചവർക്കും തൊഴിൽ നഷ്ടപ്പെടാതെ കാലാവധി നീട്ടി കിട്ടേണ്ടതുണ്ട്. ഇന്ത്യയടക്കം 10 രാജ്യത്തുനിന്നു വരുന്ന യാത്രക്കാർക്ക് പിസിആർ മെഡിക്കൽ സർട്ടിഫിക്കറ്റ് കുവൈത്ത്‌ ഉൾപ്പെടെ നിർബന്ധമാക്കി.

ഈ സാഹചര്യത്തിൽ പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ സാധ്യമായ എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്‌.

മറ്റു രാജ്യത്തിലുള്ളവർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്‌ കോവിഡ്‌ നെഗറ്റീവാണെന്നു കാട്ടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്നത്‌ ഈ ശ്രമങ്ങൾക്ക്‌ തടസ്സമാക്കുന്നുണ്ട്‌.

ഇതുമൂലം ഇറ്റലിയിൽനിന്ന്‌ അടക്കമുള്ള ഇന്ത്യൻ പൗരൻമാർക്കുപോലും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറാൻ കഴിയുന്നില്ല. സംസ്ഥാന ചീഫ്‌ സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറിയുമായി നടത്തിയ ഫോൺ ചർച്ചയിലും പ്രശ്‌നം ഉന്നയിച്ചിട്ടുണ്ടെന്നും കെ വി അബ്ദുൾ ഖാദറിന്റെ സബ്‌മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News