കൊവിഡ്-19: റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കുറയുന്നു; വരുമാനം നാലില്‍ ഒന്നായി

കോവിഡ്‌–19 ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രെയിനുകളിൽ ടിക്കറ്റ്‌ റദ്ദാക്കൽ കൂടുന്നു. യാത്രക്കാർ കുറഞ്ഞതോടെ തിരുവനന്തപുരം ഡിവിഷനിലെ വരുമാനവും നാലിൽ ഒന്നായി കുറഞ്ഞു. ഒരു ലക്ഷം രൂപവരെ കലക്‌ഷൻ ലഭിച്ചിരുന്ന റിസർവേഷൻ കൗണ്ടറുകളിൽ 25000 രൂപയോളമാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌.

ദീർഘദൂരയാത്രക്കാർ കൂട്ടത്തോടെ ടിക്കറ്റ്‌ റദ്ദാക്കുകയാണ്‌. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകാനായി ഗ്രൂപ്പായി ബുക്ക്‌ ചെയ്‌തവരും ടിക്കറ്റ്‌ റദ്ദാക്കുകയാണ്‌. വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെയാണ്‌ വിനോദ സഞ്ചാരികളും യാത്ര റദ്ദാക്കുന്നത്.

തിരുവനന്തപുരത്തും തൃശൂരും റെയിൽവേ സ്‌റ്റേഷനുകളിൽ ആരോഗ്യവകുപ്പ്‌ കൺട്രോൾ റൂമുകൾ തുറന്നു. സംശയകരമായ സാഹചര്യത്തിലുള്ളവരെ ഇവിടെ പരിശോധിക്കും.

റെയിൽവേ ജീവനക്കാർക്ക്‌ മാസ്‌ക്കുകൾ നൽകുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം ജീവനക്കാർക്കും ലഭിച്ചിട്ടില്ല. മാസ്‌ക്ക്‌ വാങ്ങാൻ പണം അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്‌ക്കിന്‌ ക്ഷാമം നേരിടുന്നത്‌ തടസ്സം സൃഷ്‌ടിക്കുന്നുണ്ടെന്ന്‌ അധികൃതർ പറയുന്നു.

ജനങ്ങളുമായി നേരിട്ടിടപെടുന്ന ജീവനക്കാർക്ക്‌ അടിയന്തരമായി മാസ്‌ക്കുകളും കൈയുറകളും ലഭ്യമാക്കണമെന്ന്‌ ഡിആർഇയു ഡിവിഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരം ആശങ്കയിൽ ; ആഭ്യന്തരസഞ്ചാരികൾ കുറഞ്ഞേക്കാം

കോവിഡ്‌-19 രോഗം വ്യാപിച്ചാൽ വിനോദസഞ്ചാര മേഖലയിൽ പ്രതിസന്ധി ഉണ്ടായേക്കാമെന്ന്‌ വിലയിരുത്തൽ. വിനോദസഞ്ചാര വ്യവസായത്തിലെ പ്രമുഖരുമായി സർക്കാർ നടത്തിയ ആശയവിനിമയത്തിലാണ്‌ ഇക്കാര്യം ചർച്ചയായത്‌.

വേനൽക്കാല ആഭ്യന്തര ടൂറിസം സാധ്യതകളെ കോവിഡ്‌ ബാധിക്കുമോ എന്നതിൽ വലിയ ആശങ്കയുണ്ട്‌. സംസ്ഥാനത്ത്‌ എത്തുന്ന സഞ്ചാരികളുടെ 90 ശതമാനവും ആഭ്യന്തരമേഖലയിൽനിന്നാണ്‌. ഇത്‌ ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ്‌ കൂടുക. കോവിഡ്‌ പ്രതിസന്ധി തുടർന്നാൽ ഈ മാസങ്ങളിൽ മേഖല പ്രതിസന്ധിയിലാകും.

നിയന്ത്രണങ്ങളിൽ ഏകീകൃതമാനദണ്ഡം വേണമെന്ന്‌ വിവിധ വ്യവസായ പ്രതിനിധികൾ ബുധനാഴ്‌ച ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച അവലോകനയോഗത്തിൽ ആവശ്യപ്പെട്ടു.

പ്രളയവും നിപായും അതിജീവിക്കാൻ കഴിഞ്ഞവർഷം ടൂറിസം മേഖലയ്‌ക്ക്‌ കഴിഞ്ഞു. ഈ കുതിപ്പ്‌ കോവിഡ്‌ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യവസായികളും സംരംഭകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel